സ്വന്തം ലേഖകൻ: മക്കളെ പരിചരിക്കുന്നതിന് ആയയെ തേടി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും സംരംഭകനുമായ വിവേക് രാമസ്വാമി. ആയയ്ക്ക് അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ഞെട്ടിക്കുന്ന പ്രതിഫലമാണ് സംഭവത്തെ വലിയ ചർച്ചയാക്കിയിരിക്കുന്നത്. ഏകദേശം 83 ലക്ഷം രൂപയാണ് (100,000-ഡോളർ) ആയയ്ക്ക് പ്രതിഫമായി നൽകുകയെന്നാണ് പരസ്യത്തിൽ പറയുന്നത്.
എസ്‌റ്റേറ്റ്.കോം എന്ന വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ വംശജനായ വിവേകും പങ്കാളി അപൂര്‍വ്വ രാമസ്വാമിയും ആയയെ തേടി പരസ്യം നൽകിയിരിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ തേടുന്നവർക്കും തൊഴിലന്വേഷകർക്കുമുള്ള വെബ്‌സൈറ്റാണ് എസ്‌റ്റേറ്റ്.കോം.
‘ഉന്നത കുടുംബത്തില്‍ ജോലിചെയ്യുന്നതിനുള്ള അപൂര്‍വ അവസരം’ എന്ന ശീര്‍ഷകത്തോടെയാണ് പരസ്യം. പ്രൈവറ്റ് ജെറ്റിൽ യാത്രചെയ്യാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്രകൾ നടത്തേണ്ടിവരും. വീട്ടിലെ മറ്റ് ജീവനക്കാരായ ഷെഫ്, ഹൗസ് കീപ്പർ, പ്രൈവറ്റ് സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിൽ ആയയെയും ഉൾപ്പെടുത്തുമെന്നും പരസ്യത്തിൽ പറയുന്നു.
ഒരാഴ്ച ഇടവിട്ടുള്ള ആഴ്ചകളിലായിരിക്കും ജോലി. അതായത് ഒഴാഴ്ച തുടർച്ചയായി ജോലിചെയ്താൽ അടുത്ത ഒരാഴ്ച അവധി ലഭിക്കും. ചുരുക്കത്തിൽ, വർഷം 26 ആഴ്ച ജോലി ചെയ്താല്‍ 83 ലക്ഷത്തോളം രൂപ പ്രതിഫലമായി ലഭിക്കും. കുട്ടികളുടെ ദിനചര്യകളിൽ സഹായിക്കുക. യാത്രകളില്‍ അവരുടെ സാധനങ്ങള്‍ എടുത്തുവെക്കുക തുടങ്ങിയവയായിരിക്കും പ്രധാന ജോലികള്‍. കുറഞ്ഞത് 21 വയസ്സ് പ്രായവും പ്രവൃത്തി പരിചയവുമാണ് യോഗ്യതാ മാനദണ്ഡം.
2024-ല്‍ നടക്കുന്ന യുഎസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട ആളാണ് യുവസംരംഭകനും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിവേക് രാമസ്വാമി. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെ സഹസ്ഥാപകനുമാണ് അദ്ദേഹം.
തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് മുപ്പത്തേഴുകാരനായ വിവേക് രാമസ്വാമിയുടെ താമസം. അമ്മ തൃപ്പൂണിത്തുറക്കാരിയും അച്ഛന്‍ പാലക്കാട് വടക്കഞ്ചേരി സ്വദേശിയുമാണ്. യു.പി.സ്വദേശിനിയാണ് വിവേകിന്റെ ഭാര്യ ഡോ. അപൂര്‍വ തിവാരി. മൂന്നു വയസ്സുള്ള കാര്‍ത്തിക്കും ഒന്നര വയസ്സുള്ള അര്‍ജുനുമാണ് മക്കള്‍.
ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016-ല്‍ 40 വയസിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്. 50 കോടി ഡോളറിലേറെയാണ് (ഏകദേശം 4145 കോടി രൂപ) ഇദ്ദേഹത്തിന്റെ സ്വത്ത് എന്നാണ് റിപ്പോർട്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നല്‍കിയ സംഭാവന പരിഗണിച്ച് 2015-ല്‍ വിവേക് രാമസ്വാമിയെ ഫോര്‍ബ്‌സ് മാസിക അവരുടെ കവര്‍ ചിത്രമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല