1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2023

സ്വന്തം ലേഖകൻ: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചിറയിൻകീഴ് സ്വവസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എകെജി സെന്ററിൽ പൊതുദർശനത്തിനു വച്ചു. രണ്ടു മണിമുതൽ സിഐടിയു ഓഫിസിൽ പൊതുദർശനം. വൈകിട്ട് 5നു ശന്തികവാടത്തിലാണ് സംസ്കാരം.

1937 ഏപ്രില്‍ 22-ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954-ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്.

1987 ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 91 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 96 ല്‍ ആറ്റിങ്ങലില്‍ നിന്ന് തന്നെ വിജയിച്ചു കയറി. വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദന്നെ് മുഖ്യമന്ത്രി അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ പൊതുവിലും, കയര്‍തൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.