സ്വന്തം ലേഖകൻ: ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള 2023ലെ നൊബേല്‍ പുരസ്കാരം. ഇറാനിലെ സ്തീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശ വും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചാണ് പുരസ്കാരം. ”സന്-സിന്ദഗി-ആസാദി (സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം) എന്ന മുഖവുരയോടെയാണ് പുരസ്കാരസമിതി ചെയര്മാന് ബെറിറ്റ് റെയ്സ് ആന്ഡേഴ്സണ്, നര്‍ഗീസ് മുഹമ്മദിയെ ഇത്തവണത്തെ നൊബേലിന് തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
”സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം നര്‍ഗീസ് മുഹമ്മദിക്ക് വ്യക്തിപരമായി നിരവധി നഷ്ടങ്ങളുണ്ടാക്കി. ഇറാന് ഭരണകൂടം 13 തവണ അറസ്റ്റ് ചെയ്ത നര്‍ഗീസിനെ അഞ്ച് തവണ ശിക്ഷിച്ചു. മൊത്തം 31വര്‍ഷത്തെ തടവിനും 154 ചാട്ടവാറടിക്കുമാണ് ശിക്ഷിച്ചത്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും നര്‍ഗീസ് ജയിലില്‍ കഴിയുകയാണ്,” ബെറിറ്റ് റെയ്സ് ആന്ഡേഴ്സണ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മതപ്പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് യുവതി മാഷ ജിന അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വലിയ പ്രക്ഷോഭത്തിനാണ് ഇറാന് സാക്ഷ്യം വഹിച്ചത്. ‘സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവുമായി ആയിരങ്ങള്‍ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്. 500 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തു. റബർ ബുള്ളറ്റ് ആക്രമണത്തിൽ നിരവധി പേർക്ക് കാഴ്ച നഷ്ടമായി. ഇരുപതിനായിരത്തിലേ പേർ ജയിലിലായി.
അസമത്വത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നയാളായാണ് നര്‍ഗീസ് സ്വയം വിശേഷിപ്പിക്കുന്നത്. 1990കളില്‍ ഫിസിക് വിദ്യാര്‍ഥിയായിരുന്ന അവര്‍ പഠനത്തിനുശേഷം എന്ജിനീറായി ജോലി ചെയ്തു. പരിഷ്കരണവാദം ഉയര്‍ത്തിപ്പിടിക്കുന്ന പത്രങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു.
ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഏല്‍സ് ബിയാലിയാറ്റ്സ്കിയും റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായിരുന്നു കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹമായത്.
ഇത്തവണ നോബേല്‍ പുരസ്കാരങ്ങളില് സാമ്പത്തികശാസ്ത്രത്തിനുള്ളതാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അത് ഒന്‍പതിന് പ്രഖ്യാപിക്കും. ഇന്നലെ പ്രഖ്യാപിച്ച സാഹിത്യത്തിനുള്ള ഇത്തവണത്തെ പുരസ്കാരത്തിന് നോര്‍വീജിയന്‍ എഴുത്തുകാരനും നാടകകൃത്തുമായ യോന്‍ ഫൊസ്സൊയാണ് അര്‍ഹനായത്. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്കാന് തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി.
മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവര്‍ക്കായിരുന്നു ഇത്തവണ രസതന്ത്രത്തിനുള്ള പുരസ്കാരം അര്‍ധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം.
ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരത്തിന് പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരാണ് അര്‍ഹരായത്. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം.
വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന് കാരിക്കോയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനുമാണ് പങ്കിടുകയായരിരുന്നു. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല