സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് രോഗികളെ വലച്ച എന്‍ എച്ച് എസ്സ് ഡോക്ടര്‍മാരുടെ സമരത്തെ തകര്‍ക്കാന്‍ ഇന്ത്യയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരും മാസങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുകളെ നേരിടാനായി വിദേശരാജ്യങ്ങളില്‍ നിന്നും വലിയ അളവില്‍ ഡോക്ടര്‍മാരെ കൊണ്ട് വന്ന് എന്‍എച്ച്എസില്‍ താല്‍ക്കാലികമായി നിയമിക്കുന്ന സാധ്യത അന്വേഷിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുവെന്നാണ് ഡെയിലി മെയില്‍ വാര്‍ത്തയില്‍ പറയുന്നത്.
യുകെയില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമോയെന്ന് ബാര്‍ക്ലേ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആരായും. ഇതുവഴി പുതുവര്‍ഷത്തോടെ ഈ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ സേവനം നല്കിത്തുടങ്ങാന് കഴിയും. റൊണാള്‍ഡ് റീഗന് പ്രൊജക്ട്’ എന്നു പേരിട്ടാണ് ഹെല്‍ത്ത് സെക്രട്ടറി വിദേശ ഡോക്ടര്‍മാരെ എത്തിക്കാന്‍ നടപടിക്ക് തുടക്കമിട്ടത്. 1981-ല്‍ പ്രതിസന്ധി സൃഷ്ടിച്ച സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ആയിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ മുന്‍ യുഎസ് പ്രസിഡന്റ് എത്തിച്ചിരുന്നു.
ഈ ഉപായം തന്നെയാണ് എന്‍എച്ച്എസ് സമരങ്ങള്‍ക്ക് എതിരെ സ്റ്റീവ് ബാര്‍ക്ലേ പുറത്തെടുക്കുന്നതെന്ന് വൈറ്റ്ഹാള്‍ സ്രോതസ്സുകള്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, സമരം മൂലം മാറ്റിവയ്ക്കേണ്ടി വരുന്ന ട്രീറ്റ്മെന്റുകളുടെ മറ്റും എണ്ണം പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പണിമുടക്ക് ദിവസങ്ങളില്‍ ഇല്ലാതാകുന്ന ശമ്പളം മറ്റ് ദിനങ്ങളില്‍ ഓവര്‍ടൈം ചെയ്ത് തിരിച്ച് പിടിക്കാനുള്ള ഡോക്ടര്‍മാരുടെ കുബുദ്ധി ഇല്ലാതാക്കാനും താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല