സ്വന്തം ലേഖകൻ: ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം. 140 കോടി ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി.
72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതുമെഡല്‍ നേടിയതോടെ ആകെ മെഡല്‍ നേട്ടം 95-ല്‍ എത്തിയിരുന്നു. ശനിയാഴ്ച അമ്പെയ്ത്തില്‍ നാല് മെഡലിനു പിന്നാലെ കബഡി ടീമും മെഡല്‍ നേട്ടത്തില്‍ പങ്കാളികളായതോടെ നേട്ടം 100-ല്‍ എത്തി.
അഞ്ചുവര്‍ഷംമുമ്പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്. ജക്കാര്‍ത്തയിലെ 16 സ്വര്‍ണം 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ശനിയാഴ്ച പുരുഷ കബഡി ടീം ഫൈനലില്‍ മത്സരിക്കുന്നുണ്ട്. ഇറാനാണ് എതിരാളി. ക്രിക്കറ്റില്‍ ഇന്ത്യ – അഫ്ഗാനിസ്താന് ഫൈനലും ഇന്നു തന്നെ. ബാഡ്മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ഇന്നിറങ്ങും. ഇതോടെ മൂന്ന് മെഡലുകള്‍ കൂടി ഇന്ത്യയുടെ പട്ടികയിലെത്തും. ഹോക്കിയില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ടീം ജപ്പാനെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല