സ്വന്തം ലേഖകൻ: ഒമാനിലെ തൊഴില്‍ കമ്പോളത്തില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കഴിഞ്ഞവര്‍ഷം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി.
കോവിഡാനന്തരം ഒമാനിലെ തൊഴില്‍ മേഖല അതിവേഗം വളരുന്നു എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എണ്ണ, ഗ്യാസ്, ധനകാര്യം, വിനോദസഞ്ചാരം, നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 3.5 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രവാസികളുടെ എണ്ണം 5.8 ശതമാനമാണ് കൂടിയത്.
അതേസമയം, കോവിഡിന് ശേഷം രാജ്യത്തെ സ്വകാര്യ മേഖലയിലാണ് വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ 19 ശതമാനം തൊഴില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡ് കാലത്ത് കമ്പനികള്‍ പൂട്ടിപ്പോയതിനാലും തൊഴിലവസരങ്ങള്‍ കുറഞ്ഞതിനാലും മറ്റും നാടുകളിലേക്ക് മടങ്ങിയവരില്‍ പലരും കഴിഞ്ഞ വര്‍ഷം രാജ്യത്ത് തിരിച്ചെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖളയിലും സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും വരും നാളുകളില്‍ ഒമാനില്‍ വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല