സ്വന്തം ലേഖകൻ: കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേ പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം 200-ഓളം മലയാളികളുണ്ടെന്നാണ് വിവരം. നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്ന് മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ മലയാളിയായ ജോയ് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുമ്പോഴാണ് സൈറണ്‍ കേള്‍ക്കുന്നതും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് നിര്‍ദേശം ലഭിക്കുന്നതും. ഉടന്‍ തന്നെ പുറപ്പെട്ട് ബെത്‌ലഹേമിലെ ഹോട്ടലില്‍ തിരിച്ചെത്തി. നിലവില്‍ സുരക്ഷിതരാണ്. യാത്രാപദ്ധതിയനുസരിച്ച് തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവേണ്ടതാണ്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം യാത്രതിരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് ജോയ് പറഞ്ഞു.
തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ എന്താണ്ട് 200-ഓളം മലയാളികളുണ്ട്. അടുത്ത നിര്‍ദേശം ലഭിച്ചാല്‍ തിങ്കളാഴ്ച രാവിലെ തന്നെ ഈജിപ്തിലേക്കുള്ള യാത്ര തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കൊച്ചിയില്‍നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളിൽ സന്ദര്‍ശനത്തിന് പോയ മലയാളികളുടെ തീര്‍ഥാടക സംഘവും ബെത്‌ലഹേമില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. 45 പേരാണ് ഈ സംഘത്തില്‍ ഉള്ളത്.
പല മലയാളികളുടെയും താമസസ്ഥലം ഉൾപ്പെടെ തകർന്നു. കനത്ത ഷെൽ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികൾ പറയുന്നു. അക്രമികൾ പുറത്തുണ്ട് എന്നത് ഭീതി കൂട്ടുകയാണെന്നും തീവ്രവാദികൾ വാഹനത്തിൽ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികൾ വ്യക്തമാക്കുന്നു.
പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി. ഓപ്പറേഷൻ ‘അൽ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോർട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേൽ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഹെൽപ്പ് ലൈൻ നമ്പർ +97235226748.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല