സ്വന്തം ലേഖകൻ: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര് ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം ലംഘിച്ചതിന്റെ പേരിൽ പിടിയിലായിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ എംബസി കുവെെറ്റിലെ നഴ്സുമാർക്ക് മാർഗനിർദേശങ്ങളുമായി എത്തിയിരിക്കുന്നത്. കുവെെറ്റ് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാർ രാജ്യത്തുള്ള എല്ലാ നഴ്സിംഗ് / മെഡിക്കൽ സ്റ്റാഫുകളും കെെവശം സൂക്ഷിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. അറബിയിൽ ഉള്ള കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കെെവശം സൂക്ഷിക്കണം. എംബസി നഴ്സിംഗ് സ്റ്റാഫുകളോട് ആണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
കുവെെറ്റിലെ നഴ്സുമാർക്ക് ഇന്ത്യൻ എംബസി നൽകി നിർദേശങ്ങൾ:
- പ്രവാസികൾ അവരുടെ സിവിൽ ഐഡി / കോൺട്രാക്റ്റുകളിലെ ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ജോലി ചെയ്യാൻ പാടുള്ളു. സാഹചര്യങ്ങൾ കാരണം മറ്റെന്തങ്കിലും ജോലി ചെയ്യണം എങ്കിൽ മാൻപവർ അതോറിറ്റിയെ ഇക്കാര്യം അറിയിക്കണം.
- ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ ക്ലിനിക്ക് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.
- കുവെെറ്റിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കുവെെറ്റ് ആരോഗ്യ മന്ത്രാലയം നൽകുന്ന സാധുവായ നഴ്സിംഗ് ലൈസൻസ് നിർബന്ധമാണ്.
- ലെെസൻസ് ഇല്ലാതെ ജോലി ചെയ്യുന്നത് ശിക്ഷാർഹമാണ്.
- തൊഴിലുമായി ബന്ധപ്പെട്ട ചുമതലകൾ മാത്രം നിർവഹിക്കുക.
- മറ്റു ജോലികൾ ചെയ്യാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയിൽ പരാതി നൽകണം. എംബസിയുടെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനിലും (+965-65501769) ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല