സ്വന്തം ലേഖകൻ: ഹമാസിനെതിരായ ആക്രമണം അനുനിമിഷം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ടുള്ള ഇരുമ്പുമതില്‍ തീര്‍ക്കുമെന്ന് ഇസ്രയേലി സൈന്യം പറഞ്ഞതായി സെപ്‌ക്ടേറ്റര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയില്‍ വീണ്ടും യുദ്ധകാഹളം മുഴക്കിയത്. ഇരുഭാഗത്തുമായി 1,600-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ഗാസ മുനമ്പില്‍ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായി ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഗാസയിലെ സാധാരണക്കാര്‍ക്കു നേരെ ഇസ്രയേല്‍ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിദേശികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസ് തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിലും വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതിനിടെ ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിന്‍വലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്.
‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് ആദ്യം നിര്‍ദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിന്‍വലിക്കേണ്ടിവന്നത്. കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീന്‍ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഐഡിഎഫ് പറഞ്ഞു.
അതിനിടെ, ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകര്‍ത്ത അതിര്‍ത്തിയിലെ വേലികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്. എന്നാല്‍ നുഴഞ്ഞു കയറ്റത്തിന് ഈ മാര്‍ഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു.
ആ രീതികള്‍ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങള്‍ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേല്‍ തള്ളി കളയുന്നില്ല. തെക്കന്‍ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും കീഴടക്കാൻ ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല