1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ത്തില്‍ മരിച്ചവരുടെ എണ്ണം 3500 ആയി ഉയര്‍ന്നു, ഇതുവരെ 1,200 ഇസ്രായേലികളും (170 സൈനികര്‍ ഉള്‍പ്പെടെ) 950 പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ ഏക വൈദ്യതി വൈദ്യുതി നിലയത്തില്‍ 10-12 മണിക്കൂറിനുള്ളില്‍ ഇന്ധനം തീരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

3,007 പേര്‍ക്ക് പരിക്കേറ്റു, അവരില്‍ 471 പേര്‍ ആശുപത്രിയില്‍ തുടരുന്നു, 109 പേര്‍ ഗുരുതരാവസ്ഥയിലാണ്, 199 പേര്‍ മിതമായ ആരോഗ്യ നിലയിലും 183 പേരുടെ ആരോഗ്യം ഭേദപ്പെട്ട നിലയിലുമാണ്, ഇന്ന് രാവിലെ 9 മണിക്ക് മന്ത്രാലയം ഒരു അപ്ഡേറ്റില്‍ പറഞ്ഞു, ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.

പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇസ്രയേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നൽകിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

“അമേരിക്കയുടേയും ഇസ്രയേലിന്റേയും സൈനിക ശക്തികൾ തമ്മിലുള്ള സഹകരണം മുൻപത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കൾക്ക് അറിയാമെന്നും ട്വീറ്റിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.