സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. മുംബെെ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയതായാണ് പരാതിയിൽ പറയുന്നത്. വിമാനത്തിൽ വച്ച് തന്നെ വിഷയം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് തന്നെ സീറ്റ് മാറ്റി ഇരുത്തിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
പിന്നീട്, വിമാനം കൊച്ചിയിൽ എത്തിയതിന് ശേഷം എയർ ഇന്ത്യാ ഓഫീസിലും പോലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവരുടെ നിർദേശപ്രകാരമാണ് നെടുമ്പാശ്ശേരി പോലീസിൽ പരാതി സമർപ്പിക്കുന്നത്. ആരോപണവിധേയനായ വ്യക്തി മലയാളിയാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല