1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: വിമാനത്താവളത്തിൽ അനധികൃത ടാക്സി സേവനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തുമെന്ന് കുവൈത്ത്. നിയമലംഘകർ പൗരത്വമില്ലാത്തവരെങ്കിൽ 2 ദിവസം തടവിലിടാനും 2 മാസത്തേക്ക് വാഹനം കണ്ടുകെട്ടാനുമാണ് നിർദേശം. ഇന്നു മുതൽ പരിശോധന ശക്തമാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദേശിച്ചു.

സമാന്തര ടാക്സി സേവനത്തെക്കുറിച്ച് സ്വദേശി ടാക്സി ഡ്രൈവർമാരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നിയമപ്രകാരം സേവനം നടത്തുന്ന ‍ടാക്സി ഡ്രൈവർമാരുടെ ഉപജീവനം തകരാറിലാക്കും വിധമാണ് അനധികൃത ടാക്സി സേവനമെന്ന് 500 ടാക്സി ഡ്രൈവർമാർ ഒപ്പിട്ട പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുവൈത്തില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകരെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 3,837 പേരെയും ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയുമാണ് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. സെപ്തംബറില്‍ നാടുകടത്തപ്പെട്ടവരില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.