സ്വന്തം ലേഖകൻ: ഹമാസ് സൈന്യം തട്ടിക്കൊണ്ടുപോയ ഇസ്രയേലുകാരായ ബന്ദികളെ വിട്ടയക്കാതെ, ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്നും ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ഊർജ്ജമന്ത്രി ഇസ്രയേൽ കാറ്റ്സ്. “ഗാസയ്ക്ക് മനുഷ്യത്വരപരമായ സഹായമോ? ഇസ്രായേൽ ബന്ദികളെ നാട്ടിലെത്തിക്കുന്നത് വരെ ഇലക്ട്രിക്കൽ വൈദ്യുതി നിയന്ത്രണം എടുത്ത് മാറ്റില്ല.
അവർക്ക് വാട്ടർ ഹൈഡ്രന്റ് തുറന്ന് നൽകില്ല. ഇന്ധന ട്രക്ക് പ്രവേശിക്കില്ല. മാനുഷികതയുള്ളവരോട് മാത്രമെ മനുഷ്യത്വം കാണിക്കാനാകൂ. ആരും ഞങ്ങളോട് സദാചാരം പ്രസംഗിക്കരുത്. ഇസ്രായേൽ ബന്ദികൾക്ക് സ്വാതന്ത്ര്യമില്ലാതെ ഉപരോധത്തിന് മാറ്റമുണ്ടാകില്ല,” ഊർജ്ജമന്ത്രി കാറ്റ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ധന ക്ഷാമത്തെ തുടർന്ന് നിലവിൽ ഗാസയിലെ ഏക പവർപ്ലാന്റിന്റെ പ്രവർത്തനം നിലച്ച മട്ടാണ്.
അതേസമയം, ഗാസയിലേക്ക് കരയാക്രമണത്തിന് ഇസ്രയേൽ സജ്ജമാണെന്നും എന്നാൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്നും ഇസ്രയേൽ സൈനിക മേധാവികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസ അതിർത്തിയുടെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തിട്ടുണ്ടെന്നും അതിക്രമിച്ച് കടക്കുന്നവരെയെല്ലാം വെടിവച്ചിടുമെന്നും. ശനിയാഴ്ച ഇസ്രയേലിന് നേരെ ആക്രമണം നടത്തിയ ഹമാസിന്റെ നുഖ്ബ ഫോഴ്സ് അംഗങ്ങളെ ഓരോരുത്തരെയായി വകവരുത്തുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ ഹമാസ് അംഗങ്ങളേയും ഇല്ലാതാക്കുമെന്നും സൈന്യത്തെ നശിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് സൈനികർക്കെതിരായ പോരാട്ടത്തിന് മേൽനോട്ടം വഹിക്കാൻ അടിയന്തര ഐക്യ സർക്കാരും യുദ്ധ കാബിനറ്റും രൂപീകരിക്കാൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നെതന്യാഹു, ഗാന്റ്സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, നിരീക്ഷക അംഗങ്ങളായി പ്രവർത്തിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. പോരാട്ടം തുടരുന്നിടത്തോളം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണങ്ങളോ തീരുമാനങ്ങളോ സർക്കാർ പാസാക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഹമാസിനെതിരായ സൈനിക നീക്കത്തെ കുറിച്ചാകും വിശദമായ ചർച്ച നടത്തുക. താൻ വളരെ ലളിതവും വ്യക്തവുമായ ഒരു സന്ദേശവുമായാണ് പോകുന്നതെന്നും ഇസ്രായേലിന് അമേരിക്കയുടെ പിൻബലമുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.
അതേസമയം, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതൽ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട്. പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കും. ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയെയും ദൌത്യത്തിൽ ഉൾപ്പെടുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല