സ്വന്തം ലേഖകൻ: ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടെന്ന ജോ ബൈഡന്‍റെ പ്രസ്താവനക്ക് തിരുത്തുമായി വൈറ്റ് ഹൗസ്. അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.
ഇന്നലെ ജൂത നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കുട്ടികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടതായി ബൈഡൻ പറഞ്ഞത്. ‘ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു, തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ എന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. ഇത് വ്യാപകമായി പ്രചരിക്കുകയും പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, അത്തരം ദൃശ്യങ്ങൾ ബൈഡൻ നേരിട്ട് കണ്ടിട്ടില്ലെന്ന് പിന്നീട് വൈറ്റ് ഹൗസ് വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ നിന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരാമർശിച്ചാണ് ബൈഡന്‍റെ പ്രസ്താവനയെന്നായിരുന്നു വൈറ്റ് ഹൗസ് വിശദീകരണം.
ഹമാസ് ആക്രമണം നടത്തിയ ഇസ്രായേൽ നഗരത്തിൽ തലയറുത്ത കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, കുട്ടികളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഹമാസ് നിഷേധിച്ചിരുന്നു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്. അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പുനല്‍കി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടു.ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 1900 ആയി.
അതിനിടെ യുഎസില്‍ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇന്നലെ ഇസ്രയേലിലെത്തി. പടക്കപ്പല്‍ യു.എസ്.എസ്. ജെറാള്‍ഡ് മെഡിറ്ററേനിയന്‍ കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. അതിക്രമിച്ചു കയറിയവര്‍ക്കെതിരെ പൊരുതാന്‍ ഇസ്രയേലിന് ആയുധങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്നും മതിയായ സഹായങ്ങള്‍ നല്‍കുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല