സ്വന്തം ലേഖകൻ: യുദ്ധഭൂമിയില്‍ പെട്ടുപോയ മലയാളി തീര്‍ത്ഥാടക സംഘം തിരിച്ച് നാട്ടിലെത്തി. ഇസ്രായേല്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ 48 പേരടങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. എറണാകുളം ആലുവയില്‍ നിന്നുവരാണ് യുദ്ധഭൂമിയില്‍ പെട്ടു പോയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി.
റോക്കറ്റ് വര്‍ഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപെട്ടെത്തിയതെന്നും തീര്‍ത്ഥാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ ശനിയാഴ്ച രാവിലെ ബെദ്ലഹേമില് നിന്ന് ഈജിപ്റ്റിലേക്ക് പുറപ്പെടുമ്പോഴാണ് ഈ സംഭവം അറിയുന്നത്. യാത്രാ മധ്യേ ഞങ്ങളെ പട്ടാളക്കാര്‍ തടഞ്ഞു, നിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞു. ബദ്ലഹേമില്‍ വന്ന് വേറെ ഒരു ഹോട്ടലില്‍ താമസിച്ചു. അവിടെ നിന്ന് മിസൈല്‍ പോവുന്നതും തകര്‍ന്ന് വീഴുന്നതെല്ലാം കാണാമായിരുന്നു,’ എന്നാണ് തീര്ത്ഥാടകന് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ബദ്ലഹേമില്‍ കാര്യമായ പ്രശ്നമില്ല എന്നും ഗാസയിലാണ് ഏറ്റവും പ്രശ്നമെന്നും തീര്‍ത്ഥാടന സംഘാംഗം പറഞ്ഞു. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിട്ടുള്ള ദൗത്യത്തിൽ, ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ താല്പര്യമുള്ളവരെയെല്ലാം തിരികെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെയാണ് തിരികെ എത്തിക്കുക. ആദ്യ ലിസ്റ്റിലുള്ള യാത്രക്കാരുമായി പ്രത്യേക വിമാനം ഇന്നുതന്നെ ഇസ്രയേലിൽ നിന്നും യാത്ര തിരിക്കും. ഏകദേശം പതിനെണ്ണായിരത്തോളം ഇന്ത്യക്കാർ ഇസ്രായേലിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിടുന്ന വിവരം. ഇതിൽ 4,000 ത്തോളം പേർ മലയാളികൾ ആണെന്ന് കേരള സർക്കാരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് കാണിച്ച് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലിലുള്ള ഇന്ത്യക്കാരെ നിർബന്ധിച്ച് ഈഘട്ടത്തിൽ ഒഴിപ്പിക്കുകയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. താല്പര്യമുള്ളവരെ മാത്രമാണ് തിരികെ കൊണ്ടുവരിക. എന്നാൽ യുദ്ധം കടുത്താൽ ഒഴിപ്പിക്കൽ നടപടി ദുഷ്കരമാകും എന്നതിനാൽ കഴിവതും ആളുകൾ ഇപ്പോൾ തിരികെ വരുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല