സ്വന്തം ലേഖകൻ: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മാതൃഭൂമിയുടെ ഭാഗമായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ ഉള്‍പ്പടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല ചിത്രങ്ങളും നിര്‍മ്മിച്ചത് പി.വി ഗംഗാധരന് എന്ന പി വി ജി ആയിരുന്നു.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചു കൊണ്ടാണ് ചലച്ചിത്ര നിർമാണരംഗത്തേക്കെത്തി. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ‘ജാനകി ജാനേ’യാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കേരള ചലച്ചിത്ര വികസന കോര്പറേഷന് (കെ എസ് എഫ് ഡി സി) ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായിരുന്നു.
മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതിയുടെയും ട്രെയിന്‍ കര്‍മസമിതിയുടെയും ചെയര്‍മാനാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ‘കാണാക്കിനാവ്’ എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ‘ശാന്തം’ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
‘ഒരു വടക്കൻ വീരഗാഥ,’ ‘കാണാക്കിനാവ്,’ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ,’ ‘അച്ചുവിന്റെ അമ്മ,’ ‘നോട്ട്ബുക്ക്’ എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല