സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറംകുന്നത്ത്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ രസിത ടി.പി, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു എന്നിവരാണ് പ്രത്യേക വിമാനത്തിലെത്തിയ മലയാളികള്‍. വിസ്താര വിമാനത്തില്‍ ഇവര്‍ വെള്ളിയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും.
പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. അവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നത്.
ഒഴിപ്പിക്കലല്ല, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് പ്രത്യേക വിമാനസര്‍വീസ്. ഒരു ഡസനോളം ഇന്ത്യക്കാര്‍ വെസ്റ്റ് ബാങ്കിലും മൂന്നോ നാലോ പേര്‍ ഗാസയിലുമുണ്ടെന്നാണ് കരുതുന്നത്. ആവശ്യപ്പെട്ടാല്‍ അവിടെയും സഹായമെത്തിക്കും. നിലവില്‍ അവിടെനിന്ന് സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍നിന്നാണ് കൂടുതല്‍ സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല