സ്വന്തം ലേഖകൻ: എണ്ണയെ മാത്രം മുഖ്യവരുമാനമായി ആശ്രയിക്കുന്നതിനു പകരം സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക്. ടൂറിസം, വിദേശ നിക്ഷേപം, വാണിജ്യം, കാര്‍ഷികം, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലകള്‍ പുഷ്ടിപ്പെട്ടതോടെ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചിട്ടും സൗദി സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ സമീപകാലത്ത് ഏറ്റവും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയ രാജ്യമാക്കി സൗദിയെ മാറ്റിയെന്ന് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. മള്‍ട്ടി ബില്യണ്‍ റിയാലുകള്‍ വാരിയെറിഞ്ഞ് വിനോദസഞ്ചാര മേഖലയില്‍ ബൃഹത് നിക്ഷേപങ്ങളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. നിയമങ്ങളില്‍ ഇളവുവരുത്തി വിനോദ വ്യവസായരംഗത്തും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
സൗദി സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. 2024ല്‍ സൗദി അറേബ്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച നാല് ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് കണക്കുകൂട്ടുന്നു. അതേസമയം, 2023ലെ സൗദി സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള മുന്‍ പ്രവചനം 1.1 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി ഐഎംഎഫ് കുറച്ചു.
2015 മുതല്‍ 2022വരെയുള്ള കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സൗദി 66 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്ന് ലോകബാങ്ക് വെളിപ്പെടുത്തിയിരുന്നു. 64 ശതമാനം വളര്‍ച്ച നേടിയ റഷ്യയാണ് തൊട്ടുപിന്നില്‍. നാലാം സ്ഥാനത്തുള്ള ഇന്ത്യ 61 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യ 53 ശതമാനവും ആറാം സ്ഥാനത്തുള്ള അമേരിക്ക 40 ശതമാനവും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നേട്ടമാണ് 2022ല്‍ ഉണ്ടായത്. 1.11 ട്രില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. 2015ല്‍ ഇത് 669.5 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം, കോവിഡാനന്തരം ലോക സമ്പദ്വ്യവസ്ഥ കുതിക്കുകയല്ല, കിതയ്ക്കുകയാണെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ലോക സാമ്പത്തിക വളര്‍ച്ച 2022ല്‍ 3.5 ശതമാനമായിരുന്നത് ഈ വര്‍ഷം 3 ശതമാനമായും അടുത്ത വര്‍ഷം 2.9 ശതമാനമായും കുറയും. 2024ല്‍ 2023നെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച 0.1 ശതമാനം പോയിന്റ് കുറയുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കിയ മുന്‍ എസ്റ്റിമേറ്റില്‍ പറയുന്നു.
ആഗോള പണപ്പെരുപ്പം 2022ല്‍ 8.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 6.9 ശതമാനമായും തുടര്‍ന്ന് 2024ല്‍ 5.8 ശതമാനമായും കുറയുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല