സ്വന്തം ലേഖകൻ: ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇസ്രായേലിനെതിരെ അപ്രതീക്ഷിതമായി വന്‍ ആക്രമണം നടത്തിയ ഹമാസിനു മേല്‍ ജിസിസി രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം.
യുഎഇ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേലിലെ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. ഇസ്രായേലില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഈ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനാണ് തീരുമാനം.
ഇസ്രായേലിലും ഗസയിലും മരണസംഖ്യ 2,400 കടന്നിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. സംഘര്‍ഷം പടരുന്നത് തടയാന്‍ സന്ദര്‍ശനം നടത്തുന്ന എല്ലാ രാജ്യങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കുന്നതിന് ഹമാസിന്റെ മേലുള്ള സ്വാധീനശക്തി ഉപയോഗപ്പെടുത്താന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും ടെല്‍ അവീവില്‍ വാര്‍ത്താസമ്മേളനത്തില്‍ ബ്ലിങ്കെന്‍ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി വൈകി ജോര്‍ദാനിലെത്തുന്ന ബ്ലിങ്കെന്‍ വെള്ളിയാഴ്ച അബ്ദുല്ല രണ്ടാമന് രാജാവുമായും ഫലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുമെന്നും പിന്നീട് ഖത്തറുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറബ് നയതന്ത്രദൗത്യങ്ങളില് പ്രധാന പങ്കുവഹിക്കുന്ന രാജ്യമെന്ന നിലയിലാണ് ഈജിപ്ത് സന്ദര്‍ശിക്കുന്നത്. ഇപ്പോഴത്തെ ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇസ്രായേലുമായുള്ള യുഎഇയുടെയും സൗദി അറേബ്യയുടെയും ബന്ധം സാധാരണ നിലയിലാക്കാന്‍ യുഎസ് പിന്തുണയോടെ ശ്രമം ശക്തമാക്കിയിരുന്നു. ഇസ്രായേലിന് സ്വീകാര്യത നേടിക്കൊടുക്കാനുള്ള ഈ നീക്കങ്ങള്‍ക്ക് ഇപ്പോഴത്തെ സംഘര്‍ഷം കനത്ത വിഘാതമാവുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ 1,200ലധികം പേര് കൊല്ലപ്പെടുകയും ഇസ്രായേലികളും വിദേശികളും സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ കുറഞ്ഞത് 150 പേര് ഗസ മുനമ്പില്‍ ബന്ദികളാക്കുകയും ചെയ്തു. ഏഴ് ദിവസമായി ഗസയില്‍ വ്യോമാക്രമണങ്ങളും ബോംബുകളും വര്‍ഷിച്ച് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 1,350ലധികം പേര് കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
അതിനിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫോണ്‍ സംഭാഷണം നടത്തി. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഇസ്രായേല്‍ – പലസ്തീന് സംഘര്‍ഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു.
സിവിലിയന്മാരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെയും മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിതമായ ഇടനാഴികള്‍ തുറക്കേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടി. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ആരാഞ്ഞു. യുഎഇ-യുഎസ് നയതന്ത്ര ബന്ധവും തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും കൂടുതല്‍ ശക്തമാക്കാനുള്ള വഴികളും അവലോകനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല