1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2023

സ്വന്തം ലേഖകൻ: ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. വാഡി ഗാസയുടെ വടക്കുള്ള ആളുകള്‍ ഗാസയുടെ തെക്കോട്ട് മാറണമെന്ന ആവശ്യവുമായി ഇസ്രായേല്‍. ഗാസ മുനമ്പിന്റെ മധ്യഭാഗത്താണ് വാഡി ഗാസ. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാറണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 മില്യണ്‍ ആളുകളെ ബാധിക്കുന്നതാണ് ഈ ഉത്തരവെന്ന് യുഎന്‍ വക്താവ് പറഞ്ഞു, ഉത്തരവ് റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കിയത്. ഇതിനകം ദുരന്തമായിരിക്കുന്ന ഒന്നിനെ വിപത്കരമായ അവസ്ഥയിലേക്ക് മാറ്റാന്‍ ഉത്തരവിന് കഴിയുമെന്ന് ഡുജാറിക് പറഞ്ഞു.

എല്ലാ യുഎന്‍ ജീവനക്കാര്‍ക്കും, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ സൗകര്യങ്ങളില്‍ അഭയം പ്രാപിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഗാസ സിറ്റിയും ജബലിയ അഭയാര്‍ത്ഥി ക്യാമ്പും ബെയ്ത് ലാഹിയ, ബെയ്ത് ഹനൂന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം 1500 പേരുടെ കൊലപാതകത്തിന് വഴിതെളിച്ച വ്യോമാക്രമണത്തിന് ശേഷം കരയുദ്ധം ആരംഭിക്കുമെന്ന അഭ്യൂഹം ഭയം നിറഞ്ഞ അന്തരീക്ഷം ഗാസയില്‍ സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ഈജിപ്തിലേക്ക് പോകാന്‍ മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുല ഡ സില്‍വ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് അഭ്യര്‍ത്ഥിച്ചു. ഫോണിലൂടെയായിരുന്നു ബ്രസീലിയന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ് ഇസ്രയേല്‍ പ്രസിഡൻ്റുമായുള്ള ആശയവിനിമയ വിവരം ബ്രസീലിയന്‍ പ്രസിഡൻ്റ് പങ്കുവെച്ചിരിക്കുന്നത്.

ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ പരാമര്‍ശിച്ച്, ആശുപത്രികളില്‍ വെള്ളം, വൈദ്യുതി, മരുന്നുകള്‍ എന്നിവയുടെ ക്ഷാമം ഇല്ലെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന് ഇസ്രായേല്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും ലുല ഡ സില്‍വ എക്‌സില്‍ കുറിച്ചു. നിലവില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിൻ്റെ റൊട്ടേറ്റിംഗ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന രാജ്യമാണ് ബ്രസീല്‍. ഗാസയ്ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ലുല ഡ സില്‍വയുടെ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.