സ്വന്തം ലേഖകൻ: മൂട്ടകളുടെ ഒളിയാക്രമണത്തിൽ വലയുകയാണ് ഫ്രഞ്ച് തലസ്ഥാനം. പൊതുഗതാഗത സംവിധാനങ്ങൾ, തിയറ്ററുകൾ, ഹോട്ടലുകൾ, വിദ്യാലയങ്ങൾ തുടങ്ങി കടന്നുചെല്ലാവുന്നിടത്തെല്ലാം മൂട്ടകൾ ആക്രമണം അഴിച്ചുവിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ട് ആഴ്ച്ചകളായിട്ടും, മൂട്ടകടിക്ക് കുറവൊന്നും ഇല്ലെന്നാണ് വിമർശനം.
ഫ്രഞ്ച് തലസ്ഥാനത്ത് മാത്രം ഒതുക്കാതെ മർസെ, ലെയോ തുടങ്ങിയ നഗരങ്ങളിലേക്കും മൂട്ടകൾ ആക്രമണം വ്യാപിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പാരിസിലെ മൂട്ടകളുടെ ദൃശ്യങ്ങൾ നിരവധിപേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ വെച്ച് നടക്കുന്ന അടുത്ത ഒളിംപിക്സിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
അടിയന്തര മന്ത്രിസഭാ യോഗം ചേർന്നിട്ടും, മുട്ടകളുടെ ആക്രമണങ്ങൾക്കെതിരെ സാധ്യമായ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും മൂട്ട ശല്യം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അയൽ രാജ്യങ്ങളിലെ അധികൃതരും, ട്രാവൽ ഏജൻസികളും, മാധ്യമങ്ങളും പാരിസിലേക്ക് പോകുന്നവർക്ക് മൂട്ടകൾക്ക് എതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരണം നൽകുന്നുമുണ്ട്.
ജൂലൈയിൽ പ്രസിദ്ധികരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്, ഫ്രാൻസിലെ 11 ശതമാനം ഗാർഹിക ഇടങ്ങളിലും മൂട്ട സാന്നിധ്യമുണ്ടെന്നാണ്. യാത്രകളിലൂടെയുള്ള വിപണനം, സെക്കൻഡ് ഹാൻഡ് സെയിൽസ് വസ്തുക്കളുടെ ഉപയോഗം, പരിസ്ഥിതി വ്യതിയാനത്തിലൂടെ മൂട്ടകൾ ഉൾപ്പെടെയുള്ള കീടങ്ങൾക്ക് കൈവന്ന ഉയർന്ന പ്രതിരോധശേഷി തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. അലക്കുമ്പോൾ 60 ഡിഗ്രിക്ക് മുകളിലുള്ള പ്രോഗ്രാം തിരഞ്ഞെടുക്കാനും, യാത്രക്കാർ അവരുടെ ബാഗുകൾ ഹോട്ടൽ ബെഡുകൾക്ക് മുകളിൽ വെക്കാതിരിക്കാനും നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല