സ്വന്തം ലേഖകൻ: ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തില്‍ അല്‍ ഖസം ബ്രിഗേഡ്സിന്റെ 1,200 അംഗങ്ങള്‍ പങ്കെടുത്തെന്ന വെളിപ്പെടുത്തലുമായി ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൗറി. ഇസ്രയേലിന്റെ ഗാസ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും ഹമാസ് നേതാവ് പറഞ്ഞു.
ഹീബ്രു അവധിദിനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ ഇസ്രയേലിന്റെ ഗാസ അധിനിവേശ സൈനികര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സലേഹ് അല്‍ അറൗറി വ്യക്തമാക്കി. തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയുള്ള ആക്രമണത്തില്‍ 1,200 അംഗങ്ങള്‍ പങ്കെടുത്തുവെന്നാണ് ഹമാസ് ഉന്നതന്റെ അവകാശവാദം.
ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസ ഡിവിഷന്റെ ആസ്ഥാനം ഹമാസ് കീഴടക്കി. ഇത് തങ്ങള്‍ക്കുപോലും ആശ്ചര്യമായിരുന്നുവെന്ന് അറൗറി പറഞ്ഞു. ഗാസയിലേക്കുള്ള കടന്നുകയറ്റം സൈന്യത്തിനും നേതാക്കള്‍ക്കും വിനാശകരമായിത്തീരുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇസ്രയേല്‍ പട്ടാളത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ആക്രമണ പദ്ധതിയേക്കാള്‍ ശക്തമാണ് പ്രതിരോധം, അത് അധിനിവേശസൈന്യത്തിന് അറിയാമായിരുന്നുവെന്നും അറൗറി അവകാശപ്പെട്ടു.
തങ്ങള്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നില്ലെന്ന് ഹമാസ് നേതാവ് വ്യക്തമാക്കി. എന്നാല്‍, ഇസ്രയേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരേയും അവരുടെ തന്നെ പൗരന്മാരേയും വധിക്കുന്നുണ്ടെന്ന് അറൗറി ആരോപിച്ചു. ഇസ്രയേലികളെ തട്ടിക്കൊണ്ടുപോവുന്ന തീവ്രവാദികളെ, ബന്ദികളുടെ ജീവന്‍പോലും കണക്കിലെടുക്കാതെ ആക്രമിക്കാന്‍ വ്യവസ്ഥയുള്ള ചട്ടമാണ് ഹാനിബാള്‍ ഡയറ്കടീവ്.
ഹമാസിന് തടവില്‍ കഴിയുന്നവരേയോ സാധാരണക്കാരേയോ ദ്രോഹിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളേയും സ്ത്രീകളേയും ആക്രമിക്കരുതെന്നാണ് അല്‍ ഖസമിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അബു ഖാലിദ് അല്‍ ദെയ്ഫിന്റെ നിര്‍ദേശം. മനുഷ്യരാശിക്കെതിരായി ആക്രണം നടത്തുന്നുവെന്ന് പാശ്ചാത്ത്യര്‍ ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നു.
എന്നാല്‍ ഞങ്ങള്‍ക്കെതിരെയുള്ള യുദ്ധം സാധാരണക്കാരെയടക്കം ലക്ഷ്യമിട്ടുള്ളതാണ്. തദ്ദേശീയരെ ആക്രമിച്ച് കീഴ്പ്പെടുത്തി അവിടെ രാജ്യംസ്ഥാപിക്കുകയും അണുബോംബ് വര്‍ഷിക്കുകയും ചെയ്ത അമേരിക്കക്കാരാണ് ഇപ്പോള്‍ ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നതെന്നും അറൗറി കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല