സ്വന്തം ലേഖകൻ: ഇസ്രയേല്‍ സൈന്യം നല്കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍നിന്ന് വീടുവിട്ടൊഴിഞ്ഞ് നിരവധി പാലസ്തീന്‍കാര്‍. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയേല്‍ ഗാസനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പാലസ്തീന്‍കാരുടെ വീഡിയോകള്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത് വടക്കന്‍ ഗാസയില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം.
കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ട്രക്കുകളിലും കാല്നടയായുമാണ് ഗാസയുടെ വടക്കന്‍ ഗാസയില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നത്. അതേസമയം, പാലസ്തീന്‍കാര്‍ ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള ഉത്തരവിനെ തള്ളിക്കളഞ്ഞുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനിടെയിലാണ് പലായനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ഹമാസിന് തിരിച്ചടി നല്കാന് മൂന്നുലക്ഷം കരുതല്‍സേനാംഗങ്ങളെയും ടാങ്കുകളെയുമാണ് ഇസ്രയേല്‍ സജ്ജമാക്കിയിരിക്കുന്നത്. സ്വന്തം സുരക്ഷയ്ക്കും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കമായി ഗാസയുടെ തെക്കുഭാഗത്തേക്ക് മാറാനും ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതില്‍നിന്ന് അകലം പാലിക്കാനുമാണ് ഇസ്രയേല്‍ ഗാസയിലെ പൗരന്മാരോട് നിര്‍ദേശിച്ചിരുന്നത്.
ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നിരവധി പേര് ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഗാസയിലെ ജനങ്ങൾ വീടുപേക്ഷിച്ച് പോകരുതെന്ന് ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് വ്യാജ പ്രചാരമാണെന്നും ഹമാസ് ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല