സ്വന്തം ലേഖകൻ: രാജ്യത്ത് മുൻവർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്താന്‍ നിർദേശം നല്കി അധികൃതര്‍. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ കരസ്ഥമാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തേ ലൈസന്‍സ് നല്‍കുന്നതിന് ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇത്തരം ഇളവുകള്‍ പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസൻസുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ എട്ടു ലക്ഷം ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം. എന്നാൽ, പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ദാക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല