സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കന്‍ തമിഴരുടെ ഏറെക്കാലത്തെ സ്വപ്നമാണ് നാഗപട്ടണം-കാങ്കേശന്‍തുറ കപ്പല്‍ സര്‍വീസ് തുടങ്ങിയതോടെ യാഥാര്‍ഥ്യമായത്. ഇത് ഇരുരാജ്യങ്ങളുടെയും വാണിജ്യ-വിനോദസഞ്ചാര മേഖലകള്‍ക്ക് കരുത്തുപകരും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടാന്‍ കപ്പല്‍ സര്‍വീസ് സഹായിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്കുള്ള യാത്രാക്കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നത് ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ നാഴികക്കല്ലാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു.
തമിഴ്നാട്ടിലെ വേളാങ്കണ്ണി, തിരുനല്ലാര്‍, നാഗൂര്‍ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ശ്രീലങ്കക്കാരുടെ യാത്ര എളുപ്പമാക്കാന്‍ കപ്പല്‍ സര്‍വീസ് സഹായിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനേവാള്‍ പറഞ്ഞു. തമിഴ്നാട് പൊതുമരാമത്തുമന്ത്രി ഇ.വി. വേലുവിനെക്കൂടാതെ നിയമമന്ത്രി എസ്. രഘുപതിയും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിനോദസഞ്ചാരികളും തീര്‍ഥാടകരും ഇരുരാജ്യങ്ങളിലും ബന്ധുക്കളുള്ളവരും കപ്പല്‍ സര്‍വീസ് ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയും ശ്രീലങ്കയും സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന അന്താരാഷ്ട്ര സഞ്ചാരികള്‍ക്കും ഇതിന്റെ പ്രയോജനംലഭിക്കും. തൂത്തുക്കുടി-കൊളംബോ, ധനുഷ്‌കോടി-തലൈമാന്നാര്‍ കപ്പല്‍ സര്‍വീസുകളാണ് നേരത്തേ ഇരു രാജ്യങ്ങളെയും കടല്‍മാര്‍ഗം ബന്ധിപ്പിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല