1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2023

സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകിട്ട് നാലിന് സ്വീകരണമൊരുക്കും. ഔദ്യോ​ഗിക സ്വീകരണം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ​ഗ്രൂപ്പ് സിഇഎ കിരൺ അ​ദാനി എന്നിവർ പങ്കെടുക്കും.

വൈകിട്ട് നാലിന് കപ്പലിനെ ഔദ്യോ​ഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. ശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയിൽ നിന്നുളള ഷെൻഹുവായ് ‌എത്തിയത്. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നിൽക്കുന്നതുമായ സൂപ്പർ പോസറ്റ് പനാമക്സ് ക്രെയ്നും 30 മീറ്റർ ഉയരാനുളള രണ്ട് ഷോർ ക്രെയ്നുമാണ് കപ്പലിൽ എത്തിച്ചത്.

അടുത്ത ദിവസം ക്രെയ്ൻ കപ്പലിൽ നിന്ന് ഇറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ‌ പോസ്റ്റ് പനാമക്സ് ക്രെയ്നുകളും ഷോർ ക്രെയ്നുകളുമാണ് തുറമുഖ നിർമാണത്തിനാവശ്യം. 2015 ൽ ഉമ്മൻചാണ്ടി സർക്കാരാണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ​ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. 2015 ഡിസംബറിൽ നിർമാണം ആരംഭിച്ചു. നാലു വർഷത്തിനുളളിൽ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ​ഗ്രൂപ്പും തമ്മിലുളള കരാർ.

ലോകത്തിന്റെ വാണിജ്യ കവാടമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ തലസ്ഥാനത്തു തുറക്കുന്നതെങ്കിലും അത് വിനോദ സഞ്ചാര മേഖലയിൽ തുറന്നിടുന്നതും അനന്ത സാധ്യതകളാണ്. ടൂറിസം മുഖ്യ വരുമാന മാർഗങ്ങളിലൊന്നായ കേരളത്തെ സംബന്ധിച്ച് രാജ്യത്ത് രാജ്യാന്തര കപ്പൽ ചാലുകളോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ‘ഗെയിം ചേഞ്ചർ’ ആകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കടൽ മാർഗമുള്ള വിനോദ സഞ്ചാര ഹബ് ആയി കൂടി തിരുവനന്തപുരം മാറാനുളള സാധ്യതയ്ക്കാണ് വഴി തുറക്കുന്നത്.
ക്രൂസ് ടെർമിനൽ അടുത്ത ഘട്ടത്തിൽ കപ്പൽ വഴിയുള്ള വിനോദ സഞ്ചാരം ലോകത്തെ വൻ തുറമുഖ നഗരങ്ങളുടെയെല്ലാം മുഖ്യ സവിശേഷതയാണെങ്കിലും ഇന്ത്യ ഇനിയും അതിന്റെ സാധ്യതകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. ആ കുറവ് നികത്താൻ വിഴിഞ്ഞത്തിനാകും. രാജ്യാന്തര കപ്പൽ ചാലുകളോട് ചേർന്നുള്ളതാണെന്നതു തന്നെ അതിന്റെ മുഖ്യ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.