സ്വന്തം ലേഖകൻ: ഒമാനി ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് പുതിയ മാർഗ നിർദേശവുമായി ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. 2016ലെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വർഷം പൂർത്തിയായ ശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ കഴിയുക.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 600 റിയാലിൽ താഴെ മാസ വരുമാനമുള്ളവർക്ക് മാത്രമാണ് പാർട്ട് ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60ഉം ആണ്. ആധികാരികമായ മെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 60 വയസ്സിന് ശേഷം ഒരു വർഷം കൂടി അധികം നൽകും.
വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സർവിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം ഏഴ് വർഷത്തേക്കാൾ കൂടാൻ പാടില്ല. പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും സർവിസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം പത്ത് വർഷത്തിൽ കൂടാനും പാടില്ല. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വർഷം സെപ്റ്റംബർ ഒന്നിനുമുമ്പ് മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരിക്കണം.
പൊതു ഗതാഗത സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയിൽ വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന ടാക്സികൾക്ക് ആപ്പുകൾ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അടുത്ത മാസം ഒന്നുമുതൽ ടൂറിസ്റ്റ് കോംപ്ലക്സുകളിലും ഹോട്ടലുകളിലും തുറമുഖങ്ങളിലും കൊമേഴ്സ്യൽ സെന്ററുകളിലും സർവിസ് നടത്തുന്ന ടാക്സികൾക്ക് കൂടി ആപ്പുകർ നടപ്പാക്കും.
മൂന്നാം ഘട്ടമായി അടുത്ത വർഷം ആദ്യം മുതൽ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളെയും ആപ്പിൽ ഉൾപ്പെടുത്തും. നിലവിൽ ആബർ എന്ന മൊബൈൽ മീറ്റർ വഴിയാണ് ഇവ സർവിസ് നടത്തുന്നത്. ടാക്സികളുടെ സുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന നടപടികളാണിത്. നിയമം നടപ്പാവുന്നതോടെ കുറഞ്ഞ പ്രായക്കാർ, പ്രായം കൂടിയവർ, അടുത്തിടെ ലൈസൻസ് എടുത്തവർ എന്നിവർക്ക് ടാക്സി ഓടിക്കാൻ കഴിയില്ല.
21 വയസ്സിൽ താഴെയുള്ളവരെ ടാക്സി ഓടിക്കാൻ അനുവദിക്കാത്തത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം മൂന്ന് വർഷത്തിനുശേഷം മാത്രമേ ടാക്സി ഓടിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിയമവും ഏറെ സുപ്രധാനമാണ്. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിന് കീഴിൽ വരുകയും ചെയ്യും.
ഇതോടെ ടാക്സി നിരക്കുകൾക്ക് ഏകീകൃത രൂപംവരുകയും ഡ്രൈവർമാർക്ക് യഥേഷ്ടം നിരക്കുകൾ ഈടാക്കാനുള്ള അവസരം നഷടമാവുകയും ചെയ്യും. ഇതോടെ നിരക്ക് വിഷയത്തിലുള്ള തർക്കങ്ങളും വിലപേശലും അവസാനിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല