സ്വന്തം ലേഖകൻ: ലോകമെങ്ങും ചർച്ചാവിഷയമായതായിരുന്നു ബ്രിട്ടനിലെ അതിപ്രശസ്തമായ സൈക്കാമോർ ഗാപ് ട്രീ വെട്ടിമാറ്റിയ സംഭവം. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രമെടുത്തിട്ടുള്ള മരങ്ങളിലൊന്നുകൂടിയായ ഇത് ബ്രിട്ടനിലെ നോർത്തംബർലാൻഡിൽ ഹാഡ്രിയാൻ വാൾ എന്നയിടത്താണു സ്ഥിതി ചെയ്തിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ മരം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. തുടർന്ന് ബ്രിട്ടിഷ് പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും അതിനു ശേഷം 16 വയസ്സുള്ള ഒരു കൗമാരക്കാരനെ പിടികൂടുകയും ചെയ്തു.
ബ്രിട്ടിഷ് പൊലീസിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മരം വെട്ടിയിടാനുള്ള പ്രചോദനം ഇതുവരെ വെളിവായിട്ടില്ല. ഇതു ചെയ്തതാരെന്ന കാര്യത്തിലും അഭ്യൂഹങ്ങളും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. 2016ൽ ബ്രിട്ടനിലെ ട്രീ ഓഫ് ദ ഇയർ ബഹുമതി നേടിയ വൃക്ഷമാണ് ഇത്. 1991ൽ പുറത്തിറങ്ങിയ റോബിൻഹുഡ് -പ്രിൻസ് ഓഫ് തീവ്‌സ് എന്ന വിഖ്യാത ചിത്രത്തിലും ഈ മരം കാണിച്ചിരുന്നു.
രണ്ടു ഉയർന്ന കുന്നുകളുടെ നടുക്കുള്ള വിടവ് പോലുള്ള ഭൗമഘടനയിൽ നിന്നിരുന്ന ഈ മരം ലോകത്തെ ഫോട്ടോഗ്രഫർമാർക്ക് ചിത്രമെടുക്കാൻ വളരെ താൽപര്യമായിരുന്നു. ഈർച്ചവാൾ ഉപയോഗിച്ചാണ് ഈ മരം വെട്ടിവീഴ്ത്തിയത്. തദ്ദേശീയർക്കിടയിൽ വലിയ വിഷമമുണ്ടാക്കി സൈക്കാമോർ മരത്തിനു സംഭവിച്ച ദുർവിധി. ഏതായാലും സൈക്കാമോർ മരത്തെ ഹാഡ്രിയാൻ വാളിനരികിൽ നിന്നു മാറ്റുകയാണ് ബ്രിട്ടിഷ് അധികൃതർ.
യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര സ്ഥലമാണ് ഹാഡ്രിയാൻ വാൾ. ബ്രിട്ടനിലെത്തിയ റോമാ സാമ്രാജ്യമാണ് പ്രശസ്തമായ ഈ മതിൽ നിർമിച്ചത്. ബ്രിട്ടനിലേക്ക് റോമിലെ ഹാഡ്രിയാൻ ചക്രവർത്തി എത്തിയതിനു ശേഷമായിരുന്നു മതിലിന്‌റെ നിർമാണം. 300 വർഷത്തോളം ബ്രിട്ടനിലെ റോമാസാമ്രാജ്യത്തിന്റെ അതിർത്തിയായി ഇതു നില കൊണ്ടു. ഈ ചരിത്രസ്ഥലത്തിന് തകരാർ പറ്റാതെയിരിക്കാനായാണ് വീണ മരത്തെ ഇപ്പോൾ നീക്കുന്നത്.
ഒരു രഹസ്യകേന്ദ്രത്തിലേക്ക് ഇതു കൊണ്ടുപോകും. സൈക്കാമോർ മേപ്പിൾ എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന മരമാണ് ഇപ്പോൾ വെട്ടിയിടപ്പെട്ട മരം. ലിച്ചി തുടങ്ങിയ മരങ്ങളുമായി ഇതിനു ജനിതകമായ സാമ്യമുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ബ്രിട്ടനിലേക്ക് ഈ മരം എത്തിയത്. ഇന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ ഒട്ടേറെയിടങ്ങളിൽ ഈ മരം സ്ഥിതി ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല