സ്വന്തം ലേഖകൻ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് നവംബര്‍ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്‍ഡിഗോയും സര്‍വീസുകള്‍ ആരംഭിക്കും. ഉദ്ഘാടന ദിവസമായ നവംബര്‍ ഒന്ന് ബുധനാഴ്ച സര്‍വീസിന് അനുമതി ലഭിച്ച 15 എയര്‍ലൈനുകളില്‍ രണ്ട് ഇന്ത്യന്‍ വിമാന കമ്പനികളും ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-എയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി എല്ലാ എയര്‍ലൈനുകളും മാറ്റും. രണ്ടാഴ്ച കൊണ്ടാണ് ഇത് പൂര്‍ത്തിയാവുക. നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിനത്തിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പ്രാരംഭ സര്‍വീസ് നടത്തുമെങ്കിലും നവംബര്‍ 14നായിരുക്കും മാറ്റം പൂര്‍ത്തിയാവുക. ഇത്തിഹാദ് എയര്‍വേസിന്റെ 16 പ്രതിദിന ഫ്ളൈറ്റുകള്‍ നവംബര്‍ 9 മുതല്‍ ആരംഭിച്ച് ഘട്ടംഘട്ടമായി പുതിയ ടെര്‍മിനലിലേക്ക് മാറും.
ഉദ്ഘടന ദിനത്തില്‍ വിസ് എയര്‍ അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. എല്ലാ വിമാന സര്‍വീസുകളും രണ്ടാഴ്ച കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനല്‍-എയിലേക്ക് മാറുമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ 14ന് ഇത്തിഹാദ്, എയര്‍ അറേബ്യ ഉള്‍പ്പെടെ 28 വിമാന കമ്പനികളുടെയും സര്‍വീസുകള്‍ മുഴുവനും ഇവിടേക്ക് മാറും.
വലുപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണിത്. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഒരേസമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.
പുതിയ ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവുന്നതോടെ 1, 2 ടെര്‍മിനലുകള്‍ അടയ്ക്കും. മൂന്നാം ടെര്‍മിനല്‍ തിരക്കുള്ള സമയങ്ങളില്‍ മാത്രം ഉപയോഗിക്കുകയോ ബജറ്റ് എയര്‍ലൈനുകള്‍ക്കായി പരിമിതപ്പെടുത്തുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
2012ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. യാത്രക്കാര്‍ക്ക് ഭൂഗര്‍ഭ പാത വഴി വിവിധ ടെര്‍മിനലുകളിലേക്ക് എത്താനും സൗകര്യമുണ്ടാവും.
1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ 7.42 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പണിത ടെര്‍മിനല്‍-എയില്‍ 138 മുറികളുള്ള ഹോട്ടലും ഭക്ഷണ പാനീയങ്ങളും മറ്റ് ഉത്പന്നങ്ങളും ലഭിക്കുന്ന 163 ഉത്പന്ന-സേവന വിപണന കേന്ദ്രങ്ങളും ടെര്‍മിനലിലുണ്ട്. ഓപണ്‍ എയര്‍ ലോഞ്ചും രണ്ട് ആരോഗ്യ- ബ്യൂട്ടി സ്പാകളും ഉണ്ടായിരിക്കും. ആഡംബര ലോഞ്ചുകള്‍, റിലാക്സേഷന് സോണുകള്‍ തുടങ്ങിയവയുമുണ്ട്. യാത്രാനടപടികള്‍ സുഗമാക്കുന്നതിന് സെല്‍ഫ് സര്‍വീസ് സെന്ററുകള്‍, ബയോമെട്രിക് സംവിധാനങ്ങള്‍, സെക്യൂരിറ്റി ചെക്ക്പോസ്റ്റുകള്‍, ബാഗേജ് കൈകാര്യം ചെയ്യാനുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ ഇവിടെയുണ്ടാവും.
അബുദാബി വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക, ചരക്കുനീക്കം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ടെര്‍മിനല്‍ പണികഴിപ്പിച്ചത്. പുതിയ ടെര്‍മിനല്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി വര്‍ധിപ്പിക്കും.
ട്രാവല്‍, ടൂറിസം, കാര്‍ഗോ, ലോജിസ്റ്റിക്സ് തുടങ്ങിയ തന്ത്രപ്രധാന വ്യവസായങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും എണ്ണയെ മാത്രം വരുമാനത്തിന് ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുകയാണ് യുഎഇയുടെ നയം. സമ്പദ്വ്യവസ്ഥ എണ്ണ ഇതര മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ ശക്തിപ്പെടുത്തിവരികയാണ്. മള്‍ട്ടി മില്യണ്‍ ഡോളറുകളാണ് ഈ രാജ്യങ്ങള്‍ ടൂറിസത്തിനായി നിക്ഷേപമിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല