1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2023

സ്വന്തം ലേഖകൻ: താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

അല്‍ ജസീറയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള മുയിസുവിന്റെ പരാമര്‍ശം. പ്രസിഡന്റാകുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയോട് സൈന്യത്തെ നീക്കാന്‍ പറയുമെന്നും ഇത് തന്റെ പ്രഥമ പരിഗണനകളിലൊന്നാണെന്നും മുയിസു പറഞ്ഞു. ഒരു പ്രോ ചൈന നേതാവായി അറിയപ്പെടുന്നയാള്‍ കൂടിയാണ് മുഹമ്മദ് മുയിസു.

സൈന്യത്തെ നീക്കുന്ന കാര്യം ഇന്ത്യന്‍ ഹൈ കമ്മിഷണറോട് സംസാരിച്ചിരുന്നതായി മുയിസു പറഞ്ഞു. അദ്ദേഹം വളരെ പോസിറ്റിവായാണ് സംസാരിച്ചതെന്നും തങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ദ്വീപിലുള്ള ഇന്ത്യന്‍ സൈനികരുടെ എണ്ണം സംബന്ധിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും മുഹമ്മദ് മുയിസു അഭിമുഖത്തിനിടെ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

തങ്ങള്‍ നൂറ്റാണ്ടുകളായി സമാധാനമുള്ള രാജ്യമായാണ് ജിവിച്ചിരുന്നതെന്നും മുയിസു പറയുന്നു. ചൈനയുമായി ബന്ധപ്പെട്ട നയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പ്രോ മാലിദ്വീപ് നയമാണ് പിന്തുടരുന്നതെന്നും ഒരു രാജ്യത്തോടും പ്രത്യേക താത്പര്യമില്ലെന്നുമായിരുന്നു മുഹമ്മദ് മുയിസുവിന്റെ മറുപടി. തങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങളാകും സുഹൃത്തുക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.