സ്വന്തം ലേഖകൻ: സൗദിയില്‍ 60 ലോജിസ്റ്റിക് സോണുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കും. ലോജിസ്റ്റിക് മേഖലയില്‍ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയില്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകള്‍ നിലവില്‍ വരും. ബീജിങ്ങില്‍ നടക്കുന്ന തേര്‍ഡ് ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെല്ലുവിളികളെ നേരിടാനും ശക്തമായ സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക ബന്ധവും സംയോജനവും മെച്ചപ്പെടുത്തുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറകടക്കുന്നതിനും ആഗോള സമ്പദ്‍വ്യവസ്ഥ നേരിട്ട വെല്ലുവിളികളെ തരണം ചെയ്യുന്നതിനും രാജ്യങ്ങളും കൂട്ടായ്മകളും തമ്മിലുള്ള സഹകരണം സഹായകമായി. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് പോയ വര്‍ഷം സാക്ഷ്യം വഹിച്ചതായും അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല