1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2023

സ്വന്തം ലേഖകൻ: ട്രാവല്‍ ഏജന്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കിവന്നിരുന്ന മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വീസ യുഎഇ വീണ്ടും നിര്‍ത്തിവച്ചു. മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വീസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ സ്ഥിരീകരിച്ചു.

എന്നാല്‍, യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ കൊണ്ടുവരുന്നതിനുള്ള മൂന്നു മാസത്തെ സന്ദര്‍ശന വീസ ഇപ്പോഴും ലഭ്യമാണ്. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന 90 ദിവസത്തെ സന്ദര്‍ശന വീസ നിര്‍ത്തിയത് തൊഴിലന്വേഷകര്‍ക്കാണ് തിരിച്ചടിയായത്. 30, 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയേക്കാള്‍ 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വീസയ്ക്ക് ചെലവ് കൂടുതലാണെങ്കിലും ജോലി കണ്ടെത്താന്‍ കൂടുതല്‍ സാവകാശം ഇതിലൂടെ ലഭിക്കുമായിരുന്നു.

വീസയ്ക്ക് അപേക്ഷിക്കാനുള്ള പോര്‍ട്ടലില്‍ ഇപ്പോള്‍ മൂന്നു മാസ വീസ ഓപ്ഷന്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും വ്യക്തമാക്കി. കൊവിഡ് മഹാമാരി രൂക്ഷമായ സമയത്താണ് നേരത്തേ യുഎഇ 90 ദിവസത്തെ വിസിറ്റ് വീസ റദ്ദാക്കി 60 ദിവസത്തെ വീസ ഏര്‍പ്പെടുത്തിയത്. ഇതോടെ 30, 60 ദിവസത്തെ ഓപ്ഷന്‍ മാത്രമായി. കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ 2023 മെയ് അവസാനത്തില്‍ 90 ദിവസത്തെ ഓപ്ഷന്‍ പുനസ്ഥാപിച്ചതിനൊപ്പം പുതുതായി കൊണ്ടുവന്ന 60 ദിവസത്തെ ഓപ്ഷനും നിലനിര്‍ത്തുകയായിരുന്നു.

കൊവിഡിന് ശേഷം മൂന്നു മാസത്തെ വിസിറ്റ് വീസ പുനരാരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, 90 ദിവസം കാലാവധിയുള്ള സന്ദര്‍ശന വീസയ്ക്ക് ചെലവ് കൂടുതലായതിനാല്‍ ഇപ്പോഴും 30 അല്ലെങ്കില്‍ 60 ദിവസത്തെ വീസയാണ് മിക്കവരും താല്‍പര്യപ്പെടുന്നതെന്നും ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിലവില്‍ ലഭിച്ചിരുന്ന മൂന്ന് തരം സിംഗിള്‍ എന്‍ട്രി വിസിറ്റ് വീസകളാണ് ഇപ്പോള്‍ വീണ്ടും രണ്ടായി ചുരുങ്ങിയത്. വിസിറ്റ് വീസ കാലാവധിക്കുള്ളില്‍ ജോലി ലഭിച്ച് റെസിഡന്‍സ് വീസയിലേക്ക് മാറിയില്ലെങ്കില്‍ തൊഴിലന്വേഷകര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും കനത്ത തുകയാണ് പിഴയായി ചുമത്തുന്നത്.

വിസിറ്റ് വീസയില്‍ ജോലി ചെയ്തയാളെ മാത്രമല്ല, ജോലി നല്‍കുന്നയാളെയും നിയമലംഘകനായാണ് കണക്കാക്കുക. ജോലി നല്‍കിയ വിദേശിയും നാടുകടത്തല്‍ ശിക്ഷയ്ക്ക് വിധേയനാവേണ്ടിവരും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരു ജീവനക്കാരനെയും നിയമിക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമില്ല.

നാട്ടിലുള്ള മാതാപിതാക്കളെയും ഭാര്യയേയും കുട്ടികളെയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം റീഫണ്ടബിള്‍ ഡെപ്പോസിറ്റ് അടച്ച് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ മൂന്നു മാസത്തേക്ക് കൊണ്ടുവരുന്നതിന് ഇപ്പോഴും തടസമില്ല. ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം തൊഴില്‍വിഭാഗങ്ങള്‍ അനുസരിച്ച് 6,000 ദിര്‍ഹം മുതല്‍ 8,000 ദിര്‍ഹം വരെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. വീസയ്ക്ക് ഏകദേശം 800 ദിര്‍ഹമാണ് ചെലവുവരിക.

ട്രാവല്‍ ഏജന്റ് വഴി ഏതൊരാള്‍ക്കും വിസിറ്റ് വീസ ലഭിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. സ്‌പോണ്‍സര്‍ ട്രാവല്‍ ഏജന്റ് ആയിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1,200 ദിര്‍ഹം മുതല്‍ 1,400 ദിര്‍ഹം വരെയാണ് വീസ ചെലവ്. ഈ കാറ്റഗറിയിലാണ് ഇപ്പോള്‍ 30, 60 ദിവസത്തേക്കുള്ള വീസ മാത്രമായി ചുരുക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.