1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2023

സ്വന്തം ലേഖകൻ: അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി.

തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. ക്രൂമൊഡ്യൂൾ വീണ്ടെടുക്കാനായി നാവികസേനാംഗങ്ങൾ ദൗത്യം ആരംഭിച്ചു. പേടകം വീണ്ടെടുത്ത് ചെന്നൈയിലെത്തിക്കും.

വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.

രാവിലെ 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് 8.45നാണു നടത്താനിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് 5 സെക്കൻഡ് മുൻപാണു ലിഫ്റ്റ്‌ ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടർ വിക്ഷേപണം നിർത്താനുള്ള (ഹോൾഡ്) നിർദേശം നൽകിയത്.

തുടർന്നു വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാർ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിനായി ശ്രമിച്ചത്. അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി.

രാവിലെ പത്തു മണിക്കാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിള്‍) ക്രൂ മൊഡ്യൂള്‍ (സിഎം), ക്രൂ എസ്‌കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.