1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2023

സ്വന്തം ലേഖകൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും. രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് കാനഡയ്ക്കു പിന്തുണയുമായി യുഎസും ബ്രിട്ടനും രംഗത്തെത്തിയത്. ഇന്ത്യയില്‍നിന്നു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകേണ്ടിവന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തുള്ളത് ആവശ്യമാണ്. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കണ്‍വന്‍ഷന്‍ നിബന്ധനകള്‍ പാലിക്കണമെന്നും മാത്യു മില്ലര്‍ പറഞ്ഞു.

കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ട തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കുന്നുല്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് അറിയിച്ചു. നയതന്ത്ര പരിരക്ഷ പിന്‍വലിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം വിയന്ന കണ്‍വന്‍ഷന് എതിരാണെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്നാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ചണ്ഡിഗഡ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ഓഫിസുകളില്‍ ലഭ്യമായിരുന്ന വ്യക്തിഗത സേവനങ്ങള്‍ ന്യൂഡല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ഓഫിസിലേക്കു മാറ്റി.

കാനഡയുടെ 21 നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ളവര്‍ക്കുള്ള പരിരക്ഷയും സൗകര്യങ്ങളും പിന്‍വലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണിത്. ഇതോടെ വീസ നടപടിക്രമങ്ങള്‍ വൈകിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.