സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ മേഖല ചെറുപ്പം, സുന്ദരം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 69% പേരും യുവാക്കളാണെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിൽ നൽകുന്ന ലോക രാജ്യങ്ങളിൽ യുഎഇയുടെ തൊഴിൽ മേഖല ബഹുദൂരം മുന്നിലാണ്. 16– 39 വയസ്സ് വരെയുള്ളവരാണ് സ്വകാര്യ മേഖലയിൽ 69 ശതമാനവുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
19 വയസ്സിനു താഴെയുള്ള 32,649 ജീവനക്കാർ സ്വകാര്യ മേഖലയിലുണ്ട്. പഠനത്തോടൊപ്പം തൊഴിലെടുക്കാൻ കഴിയുന്ന കൗമാരക്കാർക്കുള്ള വീസയിലാണ് ഇവർ ജോലി ചെയ്യുന്നത്. 20-24 മധ്യേ പ്രായമുള്ള 6,45,366 തൊഴിലാളികളും സ്വകാര്യ മേഖലയിലുണ്ട്. 25-29 പ്രായക്കാർ 11,40,738 ആയി ഉയർന്നു. 30-34 പ്രായക്കാരാണ് തൊഴിൽ മേഖലയിലെ ഭൂരിഭാഗവും 11,50,945.
ഈ വർഷം ജൂൺ വരെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 59,08,377 ആണ്. ഇവരിൽ 40,78,091 പേരും ചെറുപ്പക്കാരാണ്. 65 – 69 മധ്യേ പ്രായമുള്ള 24,000 പേരും യുഎഇയിൽ ജോലി ചെയ്യുന്നു. പ്രായം കൂടുമ്പോൾ ജീവനക്കാരുടെ എണ്ണം കുറയുമെങ്കിലും 70 ൽ എത്തിയവരും തൊഴിൽ വീസയിലുണ്ട്. ഇവരുടെ എണ്ണം 7583 ആണ്. പ്രവാസികൾക്കു പുറമെ സ്വദേശികളും സ്വകാര്യ മേഖലയിൽ ചുവടുറപ്പിച്ചതോടെയാണ് തൊഴിൽ മേഖല കൂടുതൽ ചെറുപ്പമായത്. 82,000 തദ്ദേശീയരാണ് ഇപ്പോൾ സ്വകാര്യ മേഖലയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല