1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2023

സ്വന്തം ലേഖകൻ: വമ്പന്‍ പരിഷ്‌കരണങ്ങളുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ മുന്നേറുന്ന സൗദി അറേബ്യ വിദ്യാഭ്യാസ വിപ്ലവത്തിന് പുതിയ പന്ഥാവ് തുറന്നു. രാജ്യത്ത് വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുമതി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിച്ചുവന്നിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നിന് പരിഹാരം കാണാനുള്ള മാര്‍ഗമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവാസികള്‍ക്ക് പ്രവേശനം ലഭിക്കുന്ന മികച്ച വിദേശ സ്ഥാപനങ്ങള്‍ സൗദിയില്‍ ഇല്ല. ഇതുകാരണം പ്ലസ് ടു പഠനശേഷം പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ ഇന്ത്യയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ തുടര്‍പഠനത്തിന് പോകാന്‍ നിര്‍ബന്ധിതരായിരുന്നു.

സൗദിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയവരില്‍ പലര്‍ക്കും മക്കളുടെ 12ാം ക്ലാസ് പഠനത്തിന് ശേഷം കേരളത്തിലേക്ക് പോകേണ്ട സ്ഥിതിയുണ്ട്. കുട്ടികളെ മാത്രമായി നാട്ടിലയക്കുമ്പോഴുള്ള പലവിധ പ്രയാസങ്ങള്‍ കാരണം മാതാവോ പിതാവോ നാട്ടിലേക്ക് കൂടെ താമസം മാറ്റുകയാണ് ചെയ്തിരുന്നത്.

ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ വിദേശ സര്‍വകലാശാലകള്‍ സൗദിയില്‍ ബ്രാഞ്ച് തുറക്കുമ്പോള്‍ ഉന്നതപഠനത്തിനും ശാസ്ത്ര ഗവേഷണങ്ങള്‍ക്കുമെല്ലാം ഇവിടെ തന്നെ അവസരം ലഭിക്കും. സൗദി വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടില്‍നിന്ന് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗണ്‍സില്‍ ഓഫ് യൂനിവേഴ്‌സിറ്റി അഫയേഴ്‌സ് ആണ് അറിയിച്ചത്.

സൗദിയില്‍ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ ഓപ്ഷനുകള്‍ വൈവിധ്യവത്കരിക്കുക, വികസന ആവശ്യകതകള്‍ നിറവേറ്റുന്ന വിദ്യാഭ്യാസം നല്‍കുക എന്നിവ മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണം കൊണ്ടുവരുന്നത്. മാതൃസ്ഥാപനത്തിന്റെ ഭാഷതന്നെ തന്നെ ശാഖയുടെ അധ്യയന മീഡിയമായി തെരഞ്ഞെടുക്കാനും അനുവാദമുണ്ടായിരിക്കും. ബ്രാഞ്ച് സ്ഥാപിക്കുന്നതിന് വിദേശ സര്‍വകലാശാലയോ ഇതിന്റെ പ്രതിനിധിയോ സൗദി യൂനിവേഴ്‌സിറ്റി കൗണ്‍സിലിന് അപേക്ഷ നല്‍കണം.

സര്‍വകലാശാല ബാഞ്ച് തുറക്കേണ്ടതിന്റെ ആവശ്യകതയും സാധ്യതകളും വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. സര്‍വകലാശാലയിലെ സ്‌പെഷ്യലൈസേഷനുകള്‍, ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിലവിലുള്ള പ്രവര്‍ത്തന മികവ് വ്യക്തമാക്കുന്ന വിവരങ്ങളും അതോടൊപ്പം നല്‍കണം. കോളേജുകള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഗവേഷണ യൂനിറ്റുകള്‍, സയന്റിഫിക് സ്‌പെഷ്യലൈസേഷനുകള്‍ എന്നിവ സംബന്ധിച്ച ഡിക്ലറേഷനുകളും സമര്‍പ്പിക്കണം. വിദ്യാഭ്യാസ മന്ത്രിയാണ് അന്തിമമായി തീരുമാനമെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.