സ്വന്തം ലേഖകൻ: യുകെയിലാകമാനം ബാബെറ്റ് കൊടുങ്കാറ്റ് ദുരിതം വിതക്കുന്നു. ബാബെറ്റ് കൊടുങ്കാറ്റ് രണ്ട് ജീവനുകള്‍ കൂടി കവര്‍ന്നതോടെ ആകെ മരണസംഖ്യ എട്ടായി. നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. സ്‌കിപ്ടണ് സമീപം ഉച്ചയ്ക്ക് 1.20-ഓടെയാണ് ദാരുണസംഭവം. 70-കളില്‍ പ്രായമുള്ള സ്ത്രീയും, പുരുഷനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഡെര്‍ബിഷെയറില്‍ മൂന്ന് കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. ഇവിടെ ജീവന് തന്നെ ഭീഷണിയാകുന്ന വിധത്തില്‍ ഇനിയും വെള്ളപ്പൊക്കങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് അബെര്‍ഡീന്‍ഷെയറിലെ പീറ്റര്‍കള്‍ട്ടര്‍ സബര്‍ബിലുള്ള ചില വീട്ടുകാരോട് മാറിത്താമസിക്കാന്‍ ഇന്നലെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈസേ്റ്റണ്‍ സ്‌കോട്ട്‌ലണ്ടില്‍ രണ്ടാമത്തെ റെഡ് അലേര്‍ട്ട് പ്രാബല്യത്തില്‍ തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ട് മാസത്തെ മഴയാണ് പല ഭാഗത്തും പെയ്തിറങ്ങിയത്.
യോര്‍ക്ക്ഷയറില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് വെള്ളത്തില്‍ മുങ്ങിയത്. എന്നാല്‍ ഡെര്‍ബിഷയറില്‍ വീടുകള്‍ അപ്പാടെ വെള്ളത്തിനടിയിലായി. ഡെര്‍ബിയില്‍ റിവര്‍ ഡെര്‍വെന്റിന് സമീപമേഖലകളില്‍ മൂന്ന് അപൂര്‍വ്വ റെഡ് അലേര്‍ട്ടുകളാണ് നല്‍കിയത്. കാറ്റ്ക്ലിഫ് ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മേഖലയില്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സാന്‍ഡിയേക്കര്‍ ഗ്രാമത്തിലും ഒരു അടി വെള്ളത്തിലാണ് പല വീടുകളും നില്‍ക്കുന്നതെന്ന് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കം ബ്രിട്ടനിലെ റെയില്‍വെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. യോര്‍ക്ക്ഷയര്‍, സ്‌കോട്ട്‌ലണ്ട്, ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ തടസ്സങ്ങള്‍ തുടരുമെന്നാണ് അറിയിപ്പ്.
സ്‌കോട്ട്‌ലന്‍ഡില്‍ ബാബെറ്റ് കൊടുങ്കാറ്റ് ഏറ്റവും ദുരിതം വിതച്ചത് ആന്‍ഗുസിലാണ്. വെള്ളപ്പൊക്കത്തില്‍ പെട്ട 60 വീട്ടുകാരെ ഇവിടെ നിന്ന് രക്ഷിക്കേണ്ടി വന്നിരുന്നു. ഇവിടെയുള്ള ഇവാക്വേഷന്‍ വാണിംഗിനെ അവഗണിച്ച് വീടുകളില്‍ തന്നെ തുടര്‍ന്നവര്‍ക്കാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. മഴ കാരണം ഇവിടെ കുറച്ച് ദിവസങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുവെന്നാണ് സ്‌കോട്ടിഷ് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ ഡെര്‍ബി സിറ്റി വാട്ടര്‍ ട്രീറ്റ്‌മെന്റ് വര്‍ക്ക്‌സ്, ലിറ്റില്‍ ചെസ്റ്ററ്റര്‍, ഈസ്റ്റ്‌ഗേറ്റ്, കാറ്റില്‍ മാര്‍ക്കറ്റ്, ചാഡെസ്‌ഡെനിലെ റേസ്‌കോഴ്‌സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. പ്രധാനപ്പെട്ട നദികളില്‍ നിന്നുള്ള വെള്ളപ്പൊക്കം ചൊവ്വാഴ്ച വരെ ബാധിക്കുമെന്നാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിരവധി പേരാണ് വെള്ളപ്പൊക്കം കാരണം താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല