സ്വന്തം ലേഖകൻ: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തി. നിലവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക. ഡിസംബർ 11 വരെ യാത്രചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും മാത്രമാണ് ഈ ഓഫർ. കുവൈത്തിൽ നിന്നുള്ള യാത്രക്കു മാത്രമാണ് ഈ കുറവ്.
കുവൈത്തിൽനിന്ന് നാട്ടിലേക്ക് നിലവിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമാണ്. തിരിച്ച് 20 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം. ജൂലൈയിൽ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാർ, 10 കിലോക്ക് ആറു ദീനാർ, 15 കിലോക്ക് 12 ദീനാർ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു.
ഇതാണ് വീണ്ടും കുറച്ചത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന. അതേസമയം, ഓഫ് സീസണിൽ കഴിഞ്ഞ വർഷം സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിച്ചിരുന്നു. ജൂണിൽ തിരക്കേറിയ സമയത്ത് 10 കിലോ അധിക ബാഗേജിന് 40 ദീനാർ വരെ ഉയർത്തിയിരുന്നു. അതിനു മുമ്പ് 10 കിലോക്ക് 14 ദീനാർ വരെ ആയിരുന്നു. ഇതാണ് കുത്തനെ കുറച്ചത്. സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയർത്തുന്നത് വിമാനക്കമ്പനികളുടെ പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല