1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: ഹമാസിനെ ഒരു “ഭീകര സംഘടന” എന്ന നിലയിൽ നശിപ്പിക്കാനും, ഗാസയെ ആക്രമണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ഗാസയ്ക്ക് മേൽ കരയാക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസയ്ക്ക് മേലുള്ള അധിനിവേശം ഇസ്രയേൽ സൈന്യത്തിന്റെ മികവിന്റെ ഭാഗമായാണ് സംഭവിക്കുന്നതെന്നും, യുദ്ധവുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം അനസരിച്ചാണ് സേന പ്രവർത്തിക്കുന്നതെന്നും ഇസ്രയേൽ സൈന്യത്തിന്റെ അന്താരാഷ്ട്ര വക്താവും ലെഫ്റ്റനന്റ് കേണലുമായ (റിസർവിസ്റ്റ്) പീറ്റർ ലെർനർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 222 ബന്ദികളെ മോചിപ്പിക്കുന്നതിനാണ് മുൻഗണന. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് കാരണമായത് മൂന്ന് വലിയ വീഴ്ചകളാണെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജൻസ് പരാജയം, അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാനാകാഞ്ഞത്, ആവശ്യത്തിന് സൈനികരെ മേഖലയിൽ വിന്യസിക്കാതിരുന്നത് എന്നീ വീഴ്ചകളാണ് നിരവധി ഇസ്രയേലുകാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

ഹമാസ് നേതൃത്വം നൽകുന്ന “തീവ്രവാദ” സർക്കാരിനെ നശിപ്പിക്കാനും, അവരുടെ സൈനിക ശേഷി ഇല്ലാതാക്കാനുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഗാസാ മുനമ്പിലിരുന്ന് ഇസ്രയേലിനെ ഇനിയും ആക്രമിക്കാൻ ഹമാസിനെ ഒരിക്കലും അനുവദിക്കാതിരിക്കാനാണ് ഈ യുദ്ധം. അതിനായി ഹമാസ് നേതൃത്വത്തേയും അവരുടെ സൈനിക ശേഷിയേയും തകർക്കും,” ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.

ഗാസയ്ക്ക് നേരെ ഞങ്ങൾ ഇതുവരെ ആയിരക്കണക്കിന് മിസൈലാക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 ലേറെ തവണ മിസൈലുകൾ തൊടുത്തുവിട്ടു. കഴിഞ്ഞ രണ്ടാഴ്‌ചത്തേയും ആക്രമണശൈലി സമാനമായിരുന്നു. ഹമാസുകാർ ഇപ്പോൾ ആകെ താറുമാറായ അവസ്ഥയിലാണ്. ഞങ്ങൾ അവരുടെ അടിസ്ഥാന സൌകര്യങ്ങളെല്ലാം നശിപ്പിച്ചതിനാൽ അവർക്ക് സൈനിക നിർദ്ദേശങ്ങൾ കൈമാറുന്നതിൽ പ്രശ്നങ്ങളുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അവരുടെ നേതൃത്വത്തിന് ഒരു പിടിയുമില്ല. ഞങ്ങൾ ഹമാസ് “തീവ്രവാദികളെ” ഓരോരുത്തരെയായി പിന്തുടരുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്.

കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. ഗാസയിൽ പ്രവേശിച്ച സൈന്യത്തെ തങ്ങൾ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിലെ രക്തകലുഷിതമായ രാത്രികളിൽ ഒന്നായിരിക്കും ഇതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അൽ-ഷിഫ, അൽ-ഖുദ്സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.

അതിനിടെ രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചത്. ഇവരുടെ ഭർത്താക്കന്മാർ നിലവിൽ തടവിലാണ്. നേരത്തെയും രണ്ട്‌ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. റാഫ ബോർഡൽ വഴിയാണ് ബന്ദികളെ കെെമാറിയതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും ആശുപപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.