സ്വന്തം ലേഖകൻ: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.
പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങൾ പഠിപ്പിക്കുന്നതിൽ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളിൽ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.
എന്‍എസ്ടിസി എന്ന ഈ സമിതിക്ക് എന്‍ഐഇപിഎ ചാന്‍സലര്‍ എംസി പന്താണ് നേതൃത്വം നല്‍കുന്നത്. മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങിന് തയ്യാറാക്കി നല്‍കുന്നതും സമിതിയുടെ ചുമതലയാണ്.
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍. പിഎം ബിബേക് ദേബ്രോയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍, ആര്‍എസ്എസ്-അനുബന്ധ സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണ ശാസ്ത്രി, മനുഷ്യസ്നേഹി സുധാ മൂര്‍ത്തി, ഗായകന്‍ ശങ്കര്‍ മഹാദേവ എന്നിവരാണ് ഈ കമ്മിറ്റിയിലെ ചില അംഗങ്ങള്‍.
എന്‍സിആര്‍ഇടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, അനുബന്ധഭാഗങ്ങളും ഉള്‍പ്പടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നടപടി നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പകയോടെ എല്ലാം വെള്ള പൂശുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മനപ്പൂര്‍വമായ തീരുമാനം കൊണ്ടല്ല പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്ന് എന്‍സിഇആര്‍ടി വിശദീകരിച്ചിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. വിദഗ്ധര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല