1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2023

സ്വന്തം ലേഖകൻ: ആശുപത്രികളുടെ പ്രവർത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാർത്തകൾക്കിടെ, വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍. ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഐ.ഡി.എഫ്. എക്‌സില്‍ പങ്കുവെച്ചു.

തെക്കന്‍ ഗാസയില്‍ റാഫ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് വലിയ ഇന്ധന ടാങ്കുകളില്‍ ഡീസല്‍ ശേഖരിച്ചുവെച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. സാധാരണക്കാരില്‍നിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേല്‍ പറയുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വടക്കന്‍ ഗാസയിലെ ഇന്‍ഡൊനീഷ്യന്‍ ആശുപത്രിയുടെ പ്രവർത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂര്‍ കൂടി ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാല്‍ ഇന്‍ക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഐ.ഡി.എഫ്. ഹമാസിന്റെ വാദത്തെ ഖണ്ഡിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയത്. ആരോപിക്കപ്പെടുന്ന അളവിലുള്ള ഇന്ധനശേഖരം ഉപയോഗിച്ച് ഗാസയിലെ മുഴുവന്‍ ആശുപത്രികളും കൂടുതല്‍ ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ഇസ്രയേൽ പറയുന്നത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം തള്ളി ഇസ്രയേല്‍. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്‌ രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

ഹമാസിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ്‌ അതിന്റെപേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹനെ ഈ പരാമര്‍ശം ചൊടിപ്പിച്ചു. ”യു.എന്‍. സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?” എന്ന് ഗുട്ടറസിനുനേരെ കൈചൂണ്ടി കോഹന്‍ ചോദിച്ചു. ഗുട്ടെറസ്‌ രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുകയുണ്ടായി.

അതേ സമയം ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.