സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് വരുന്നതിന് കനേഡിയൻ പൗരന്മാർക്ക് ചില വീസ സർവീസുകൾ പുനഃരാരംഭിച്ചു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വീസ സർവീസുകളാണ് വ്യാഴാഴ്ച മുതൽ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
പിന്നീട്, ഒരു മാസത്തിന് ശേഷമാണ് ഈ സേവനങ്ങൾ പുനരാരംഭിക്കുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാനും ഇന്ത്യ ഒട്ടാവയോട് നിർദ്ദേശിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്നും മാറ്റുകയും ചെയ്തു.
കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നയതന്ത്ര സമത്വം ആവശ്യപ്പെട്ടതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല