സ്വന്തം ലേഖകൻ: ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് തട്ടിപ്പ്. ഒമാനിലെ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും സ്വകാര്യ ആശുപത്രികളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി തെറ്റായ റിക്രൂട്ട്‌മെന്റ് പരസ്യം നൽകിയാണ് ഇവർ ആളുകളെ കൂട്ടുന്നത്. റോയൽ ഒമാൻ പോലീസ് തൊഴിൽ വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന പരസ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആളുകൾ അതിൽ വീഴുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്‌ദാനം ചെയ്യുന്ന നിരവധി സന്ദേശങ്ങൾ വരുന്നുണ്ട്. ഇതെല്ലാം തട്ടിപ്പാണ്. ഇത്തരം കേസുകളിൽ ചെന്ന് പെടരുത്. തട്ടിപ്പ് സംഘം പണം നൽകാൻ ആവശ്യപ്പെടും. ഇതിന് വേണ്ടി ഇവർ അകൗണ്ട് നമ്പർ നൽകും. പണം നൽകി ജോലി വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പാണെന്ന് എല്ലാവരും മനസ്സിലാക്കണം എന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകുന്നു.
വ്യാജ റിക്രൂട്ട്‌മെന്റ് സന്ദേശങ്ങളയച്ച് പലരും ഉദ്യാഗാർഥികളിൽ നിന്ന് പണം തട്ടുന്നുണ്ട്. പ്രവാസികൾക്കിടയിൽ പ്രചാരത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളെ ദുരുപയോഗം ചെയ്താണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുന്നത്. സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ പലരും കേരളത്തിലേതോ യു എ ഇയിലേതോ ആയിരിക്കും. നിരവധി പേർക്ക് ഇത്തരത്തിൽ ജോലി ലഭിച്ചിട്ടുള്ള അനുഭവം പലർക്കും ഉണ്ട്. ഈ കാര്യം മുൻനിർത്തിയാണ് പലരും ഗ്രൂപ്പിൽ പോസ്റ്റുകൾ ഇടുന്നത്.
നാട്ടിൽ നിന്നും വിദേശ ജോലിക്ക് വേണ്ടി പണം വാങ്ങി ഉദ്യാഗാർഥികളെ പറ്റിക്കുന്ന സംഘങ്ങളെ പറ്റി നിരവധി പരാതികൾ ആണ് ഉയർന്നു വരുന്നത്. പലരും വലിയ തുക ഉദ്യോഗാർഥികളിൽ നിന്നും വാങ്ങിയാണ് ജോലി തരപ്പെടുത്തി തരാം എന്ന് പറയുന്നത്. കേരള പോലീസ് ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്.
വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. നിരവധി ഉദ്യാഗാർഥികൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന ശമ്പളം, എന്ന തലക്കെട്ട് നൽകിയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജോലി ഒഴിവുകളുടെ പരസ്യങ്ങൾ വരുന്നത്. ജോലിക്കായി ഇവരെ സമീപിച്ചാൽ സർവീസ് ചാർജ് എന്ന രീതിയിൽ കുറച്ചു പണം വേണം എന്ന് ആവശ്യപ്പെടും. എല്ലാ വാട്സാപ്പ് ജോലി പരസ്യങ്ങൾ ഇത്തരത്തിൽ തട്ടിപ്പാണ് എന്നല്ല, ഇതിൽ ചിലത് തട്ടിപ്പ് സംഘം കെെകര്യം ചെയ്യുന്നവയാണ്. എല്ലാംവരും ജാഗ്രത പാലിക്കണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല