സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ഔട്ട്സോഴ്സ്ഡ് സ്റ്റാഫുകളെ കോവിഡ് ബോണസില്‍ നിന്ന് ഒഴിവാക്കിയ പ്രശ്നത്തില്‍ ജീവനക്കാര്‍ സര്‍ക്കാരിനെതീരെ നിയമപോരാട്ടത്തിന്. വണ്‍ ഓഫ് ബോണസില്‍ നിന്ന് ചില ഹെല്‍ത്ത് വര്‍ക്കര്‍മാരെ ഒഴിവാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവില്‍ ഒരു ജുഡീഷ്യല്‍ റിവ്യൂ നേരിട്ടു കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇംഗ്ലണ്ടിലെ ഒരു മില്യണിലധികം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തിലുണ്ടാക്കിയ പേ ഡീലിന്റെ ഭാഗമായിട്ടാണ് കോവിഡ് ബോണസ് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് കാലത്ത് അവരുടെ സേവനങ്ങളെ മാനിച്ചാണ് ഈ ബോണസ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ആയിരക്കണക്കിന് ഔട്ട്സോഴ്സ്ഡ് സ്റ്റാഫുകളെ ഈ ബോണസില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും അനീതിയാണെന്ന ആരോപണമാണിപ്പോള്‍ ശക്തമായിരിക്കുന്നത്. കമ്മ്യൂണിറ്റി നഴ്സുമാര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ പോസ്റ്റുകളിലുള്ളവരെയാണ് പ്രധാനമായും കോവിഡ് ബോണസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കോവിഡ്കാലത്ത് ഇവര്‍ ചെയ്ത ആത്മാര്‍ത്ഥ സേവനങ്ങളെ അവഗണിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നാണ് ഇതിനെതിരെ നിയമയുദ്ധത്തിനിറങ്ങിയവര് എടുത്ത് കാട്ടുന്നത്. ഈ പ്രശ്നത്തില്‍ പരിഹാരത്തിന് ശ്രമിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്‍എച്ച്എസ് നേരിട്ട് നിയമിക്കാത്തതിനാല്‍ ഇവര്‍ക്ക് 1655 പൗണ്ടിനും 3789 പൗണ്ടിനും ഇടയിലുള്ള കോവിഡ് ബോണസിന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം ജീവനക്കാര്‍ സോഷ്യല്‍ എന്റര്‍പ്രൈസസ് പോലുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടിയാണിവര്‍ പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ ഇവര്‍ക്ക് കോവിഡ് ബോണസ് നല്കാന് സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല