സ്വന്തം ലേഖകൻ: യു കെയില്‍ എത്തുന്ന ഓരോ വിമാനത്തിനും ഇനി ഒരു യാത്രയ്ക്ക് 17 പൗണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസ് ചാര്‍ജ് അധികമായി നല്‍കേണ്ടി വരും. നിലവില്‍ ഒരു യാത്രയ്ക്ക് 47 പൗണ്ട് എന്നത് 64 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഉറപ്പായി.
ആഗസ്റ്റ് മാസത്തില്‍ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് സിസ്റ്റത്തില്‍ പിഴവ് ഉണ്ടായതിനെ തുടര്‍ന്ന് നൂറു കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടതായി വന്നിരുന്നു. അതോടൊപ്പം നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. ഫ്ളൈറ്റ് പ്ലാനിംഗ് സിസ്റ്റത്തില്‍ വന്ന സാങ്കേതിക പിഴവായിരുന്നു കാരണം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓപ്പറേറ്ററായ എന്‍ ഇ ആര്‍ എല്‍ (നാറ്റ്സ് എന്‍ റൂട്ട് ലിമിറ്റഡ്) കോവിഡ് കാലത്ത്, വിമാനങ്ങള്‍ റദ്ദ് ചെയ്തത് മൂലം ഉണ്ടായ നഷ്ടം നികത്തി, ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സര്‍വ്വീസ് ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനുള്ള അധിക ചെ3ലവ് 43 പൗണ്ടോളം ഉയരും എന്നാണ് കണക്കാക്കുന്നത്. അതായത്, ഒരു വിമാന യാത്രയ്ക്ക് ഒരു യാത്രക്കാരന് ഏകദേശം 2.08 പൗണ്ട് അധികം വരും.
പണപ്പെരുപ്പവും, ഇന്ധനവില വര്‍ദ്ധനവും വന്നതോടെ വിമാന യാത്രാ നിരക്കുകള്‍ നേരത്തേ വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച 12 മാസക്കാലയളവില്‍, യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ റെയ്ന്‍എയര്‍ നിരക്ക് 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍, എയര്‍ കണ്‍ട്രോള്‍ സര്‍വ്വീസ് നിരക്ക് വര്‍ദ്ധിപ്പിക്കുക വഴി വിമാനക്കമ്പനികള്‍ വീണ്ടും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് എയര്‍ലൈന്‍ ട്രേഡ് ബോഡി ആയ എയര്‍ലൈന്‍ യു കെ അറിയിച്ചു.
ഈ വര്‍ദ്ധനവ് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ എയര്‍ലൈന്‍ യു കെ വക്താവ്, എന്‍ എ ടി എസ് എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ വ്യാപ്തിയിലുള്ള സ്വതന്ത്ര പഠനം ആവശ്യമാണെന്നും പറഞ്ഞു. തങ്ങളുടേതല്ലാത്ത തെറ്റുകള്‍ക്ക് പോലും നഷ്ടം സഹിക്കേണ്ട ബാദ്ധ്യത എയര്‍ലൈനുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും വക്താവ് ആവശ്യപ്പെട്ടു.
അതേസമയം, ഹീത്രൂ എയര്‍പോര്‍ട്ട് ഫിനാന്‍സ് ചീഫ് പറയുന്നത് ഈ വര്‍ദ്ധനവ് ന്യായമായുള്ളതാണ് എന്നാണ്. രാജ്യത്തിനും അതിന്റെ കണക്ടിവിറ്റിക്കും നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അതീവ പ്രാധാന്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സേവനത്തിലും, അതിന്റെ പുനരുജ്ജീവനത്തിലും സി എ എ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത് നല്ലൊരു കാര്യമാണെന്നും പറഞ്ഞു. നിലവിലെ ടിക്കറ്റ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, യാത്രക്കാരന് 2 പൗണ്ട് അധിക തുക വരുന്നത് ന്യായീകരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല