സ്വന്തം ലേഖകൻ: 2006മുതൽ ഗാസ മുനന്പ് അടക്കിവാഴുന്ന ഹമാസ് ഭീകരർ ഭൂമിക്കടിയിൽ ഒരു സമാന്തര നഗരംതന്നെ തീർത്തിട്ടുണ്ടാകാമെന്നു റിപ്പോർട്ട്. 80 മീറ്റർ ആഴത്തിലാണ് കിലോമീറ്റർ നീളമുള്ള തുരങ്കശൃംഖലയും രഹസ്യ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്ധർ വിലയിരുത്തുന്നു. ചിലന്തിവല പോലെയാണു ഗാസയിലെ തുരങ്കങ്ങളെന്നു കഴിഞ്ഞയാഴ്ച ഹമാസ് വിട്ടയച്ച ബന്ദികളിലൊരാൾ പറഞ്ഞിരുന്നു. 365 കിലോമീറ്റർ വിസ്തൃതിയുള്ള മുനന്പിലെന്പാടും തുരങ്കങ്ങളാണെന്നാണു റിപ്പോർട്ട്. ഇവയിൽ എല്ലാ സൗകര്യങ്ങളുമുണ്ടത്രെ.
കഴിഞ്ഞ ഏഴുമുതൽ ഇത്രയും ദിവസം കനത്ത ബോംബാക്രമണം നടത്തിയിട്ടും ഹമാസിന് കാര്യമായ നഷ്ടമൊന്നും സംഭവിക്കാത്തതിനു കാരണം ഭൂമിക്കടിയിൽ അവർ സമാന്തര സംവിധാനങ്ങൾ സുസജ്ജമാക്കിയിട്ടുണ്ടെന്നതു തന്നെയാണെന്ന് ഗാസയുടെ ചുമതലയുണ്ടായിരുന്ന മുൻ ഇസ്രേലി ബ്രിഗേഡിയർ ജനറൽ ആമിർ അവിവി പറയുന്നു. ഗാസയ്ക്കടിയിൽ 40 മുതൽ 50 വരെ മീറ്റർ ആഴത്തിൽ ഒരു നഗരംതന്നെ ഉണ്ടാകാമെന്നും അവിടെ ഹമാസ് ആസ്ഥാനവും ബങ്കറുകളും സംഭരണശാലകളും ആശുപത്രികളുമെല്ലാം പ്രവർത്തിക്കുന്നുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര കിലോമീറ്റർ നീളത്തിൽ തുരങ്കമുണ്ടാകുമെന്ന് പറയാനാകില്ലെന്നും എന്നാൽ, സ്കൂളുകളുടെയും ഭവനസമുച്ചയങ്ങളുടെയും അടിയിൽ തുരങ്കങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നുമാണ് മുതിർന്ന ഇസ്രേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ഈ തുരങ്കശൃംഖലകൾ മുന്നോട്ടുള്ള സൈനികനീക്കത്തിന് വലിയ ഭീഷണി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കരയാക്രമണത്തിൽനിന്ന് ഇസ്രയേലിനെ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വിലക്കുന്നത്.
തുരങ്കങ്ങളിൽ നിരവധി ചതിക്കുഴികൾ ഉണ്ടാകാമെന്നും സ്ഫോടകവസ്തുക്കൾ കുഴിച്ചിട്ടുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഗാസയിലെന്പാടുമായി തങ്ങൾക്ക് 500 കിലോമീറ്ററോളം നീളത്തിൽ തുരങ്കങ്ങളുണ്ടെന്ന് 2021ൽ ഹമാസ് നേതാവ് യഹിയ അൽ സിൻവാർ പറഞ്ഞിരുന്നു. എന്നാൽ, ഗാസയുടെ ആകെ വിസ്തൃതി 365 കിലോമീറ്ററാണെന്നിരിക്കെ സിൻവാറിന്റെ അവകാശവാദം ഇസ്രേലിസേന മുഖവിലയ്ക്കെടുത്തിട്ടില്ല. എങ്കിലും നൂറു കിലോമീറ്ററിലേറെ തുരങ്കമുണ്ടായിരിക്കാമെന്നാണ് ഇസ്രേലി സേനയുടെ വിലയിരുത്തൽ.
ഇസ്രയേലിന്റെ അതിശക്തമായ സൈനികനീക്കത്തെ ചെറുക്കാൻ തുരങ്കങ്ങൾക്കാകുമെന്ന വിലയിരുത്തലിലാണ് ഹമാസ്. ഹമാസ് ഗാസയിൽ 1990കളിൽ തുരങ്ക നിർമാണം ആരംഭിച്ചതായാണ് അനുമാനം. 2005ൽ ഗാസയിൽനിന്ന് ഇസ്രയേൽ പൂർണമായും പിന്മാറുകയും 2006ലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ചെയ്തതോടെ തുരങ്കനിർമാണം വേഗത്തിലായി. ഗാസയിലെ ജനങ്ങൾക്കായി ലഭിക്കുന്ന വിദേശസഹായങ്ങളിൽ നല്ലൊരുപങ്കും തുരങ്കനിർമാണത്തിനായി അവർ വിനിയോഗിച്ചു.
അതേസമയം, തുരങ്കങ്ങൾ ഒന്നൊന്നായി തകർക്കാനുള്ള ശ്രമത്തിലാണ് ഇസ്രേലി സേനയിപ്പോൾ. ഇതിനായി റോബോട്ടുകളെയും മൈക്രോ ഡ്രോണുകളെയും ഉപയോഗപ്പെടുത്തും. ഇതുവരെ നടത്തിയ ബോംബാക്രമണങ്ങൾ തുരങ്കങ്ങൾക്കു സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും ഇസ്രയേലി സേന അവകാശപ്പെടുന്നു. തുരങ്കങ്ങൾ തകർക്കാനായി പുതുതായി വികസിപ്പിച്ചെടുത്ത സ്പോഞ്ച് ബോംബുകൾ പ്രയോഗിക്കാനും ഇസ്രയേൽ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ, ബന്ദികളെ മുഴുവൻ ഹമാസ് പാർപ്പിച്ചിരിക്കുന്നത് തുരങ്കങ്ങളിലാണെന്നത് കടുത്ത ആക്രമണം നടത്തുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല