സ്വന്തം ലേഖകൻ: പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയിൽ ബാത്ത് ടബിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങൾ മാത്യു പെറിയുടെ മരണ വാർത്ത പുറത്തുവിട്ടത്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ക്രൈം ഫോറന്‍സിക് വിഭാഗം വീട്ടില്‍ പരിശോധന നടത്തിയെങ്കില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം.
ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. സീരീസിലെ പെറിയുടെ കഥാപാത്രത്തിന് ലോകത്താകമാനം ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ദീർഘ കാല പോരാട്ടം നടത്തിയ നടൻ കൂടിയാണ് മാത്യു പെറി.
മോൺട്രിയലില് ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറിയുടെ ജനനം. ലോസ് ഏഞ്ചൽസിലായിരുന്നു അദ്ദേഹം വളർന്നത്. ചെറുപ്പകാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു പെറി.
1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായിരുന്നു ഫ്രണ്ട്സിന് ഉണ്ടായത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നു എന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല