സ്വന്തം ലേഖകൻ: ഗാസ മുനന്പിലെ ഏറ്റവും വലിയ ആതുരാലയമായ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ പ്രധാന താവളമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന. ആശുപത്രിക്കടിയിലെ ഹമാസിന്റെ ഒളിത്താവളങ്ങൾ സംബന്ധിച്ച വീഡിയോ ഇസ്രേലി സൈന്യം പുറത്തുവിട്ടു. ഷിഫ ആശുപത്രിസമുച്ചയം ആക്രമിക്കാൻ പദ്ധതിയിടുന്നതിനു മുന്നോടിയായാണ് സൈന്യം വീഡിയോ പുറത്തുവിട്ടതെന്നാണു സൂചന.
നൂറുകണക്കിന് ഭീകരർ ആശുപത്രിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രേലി പ്രതിരോധസേനാ വക്താവ് പറഞ്ഞത്. “ആശുപത്രിയിൽ നിരവധി ഭൂഗർഭ നിലവറകളുണ്ട്. ഇവയിലിരുന്നാണ് ഹമാസ് നേതാക്കൾ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ആശുപത്രിയിലെ ഊർജസൗകര്യങ്ങൾ ഹമാസ് ഭീകരർ ഉപയോഗിക്കുകയാണ്. ആശുപത്രിയിലെ ജീവനക്കാരെയും രോഗികളെയും അവർ മനുഷ്യകവചമായി ഉപയോഗിക്കുന്നു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മാത്രമല്ല, ഹമാസിന്റെ ഭീകരപ്രവർത്തനങ്ങളുടെ തലസ്ഥാനംകൂടിയാണ് ഷിഫ ആശുപത്രി. ഒരു ആശുപത്രിക്ക് ഭീകരത യോജിക്കുന്നതല്ല. എന്തെങ്കിലും ഭീകരപ്രവർത്തനം ആശുപത്രിക്കുള്ളിൽ നടക്കുന്നുണ്ടെങ്കിൽ അതു പുറത്തു കൊണ്ടുവരും’’- ഇസ്രേലിസേന എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. വ്യോമാക്രമണങ്ങളിൽനിന്നു രക്ഷ നേടുന്നതിനായി ഗാസ ജനത അഭയം തേടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണു ഷിഫ ആശുപത്രി.
അതേസമയം, ഇസ്രേലി സൈന്യത്തിന്റെ ആരോപണം ഹമാസ് നിഷേധിച്ചു. സൈന്യം പ്രചരിപ്പിക്കുന്നത് നുണകളാണെന്നും ആശുപത്രി ആക്രമിക്കാനുള്ള ന്യായീകരണം അവർ തേടുകയാണെന്നും ഹമാസ് വക്താവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല