സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ പകൽ സർവിസിന് അനുവാദം ലഭിച്ചതോടെ വിമാന സമയങ്ങളിൽ ചെറിയ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും സമയങ്ങളിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. എന്നാൽ, നവംബറിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് വിമാന സർവിസുകൾ വെട്ടിക്കുറച്ചു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് നവംബറിൽ മൂന്ന് ദിവസങ്ങളിലായി നാല് സർവിസുകൾ മാത്രമാണ് കമ്പനിയുടെ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നത്.
നവംബറിൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് സർവിസുകളുള്ളത്. ഇതിൽ വ്യാഴാഴ്ച രണ്ട് സർവിസുകളാണ്ടാവുക. കോഴിക്കോട്ടേക്കുള്ള ശനി, വ്യാഴാഴ്ചത്തെ രണ്ടാം സർവിസിനുമാണ് സമയത്തിൽ മാറ്റമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സർവിസും ഉച്ചക്ക് 11.40 ന് പുറപ്പെട്ട് വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസകത്തിലേക്ക് സർവിസുകളുള്ളത്. ശനി, വ്യാഴം ദിവസങ്ങളിൽ വിമാനം കോഴിക്കോട്ടുനിന്ന് കാലത്ത് 8.10ന് പുറപ്പെട്ട് 10.40ന് എത്തും.
തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെട്ട് പുലർച്ച 1.50നുമാണ് മസ്കത്തിൽ ലാൻഡ് ചെയ്യുക. ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട് ഉച്ചക്കുശേഷം 3.30നും എത്തും. ഒമാൻ എയർ നിലവിൽ എല്ലാ ദിവസവും രണ്ട് സർവിസ് വീതം നടത്തുന്നുണ്ടെങ്കിലും ശനി, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് മാത്രമാണ് നടത്തുന്നത്. ഈ ദിവസങ്ങളിൽ കാലത്ത് 8.55ന് പുറപ്പെട്ട് വിമാനം ഉച്ചക്ക് 1.50ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ച കാലത്ത് 8.55നും കാലത്ത് 9.10നും രണ്ട് സർവിസുകളാണുള്ളത്. എന്നാൽ വെള്ളി, ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ പുലർച്ച 2.50 പുറപ്പെട്ട് കാലത്ത് 7.45നും ഉച്ചക്ക് ശേഷം 3.10 മസ്കത്തിൽനിന്ന് പുറപ്പെട്ട് രാത്രി 8.05 കോഴിക്കോട്ടെത്തുന്നതുമായ രണ്ട് സർവിസുകളാണുള്ളത്.
നവംബർ മാസത്തിൽ കോഴിക്കോട്ടേക്കുള്ള സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറക്കുന്നത് നിരക്കുകൾ ഉയർന്നുനിൽക്കാൻ കാരണമാക്കും. സാധാരണ നവംബറിൽ യാത്രക്കാർ കുറവായതിനാൽ നിരക്കുകൾ കുത്തനെ കുറയാറുണ്ട്. ഇത് അവസരമായെടുത്ത് കുറഞ്ഞ വരുമാനക്കാരായ നിരവധി പേർ നാട്ടിൽ പോവാറുണ്ട്. എന്നാൽ, സർവിസുകൾ വെട്ടിച്ചുരുക്കിയതോടെ നിരക്കുകൾ കുറയാനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്. യാത്രക്കാർ കുറയുന്നതോടെ ഒമാൻ എയറും നിരക്കുകൾ കുറക്കാറുണ്ട്. എയർ ഇന്ത്യ സർവിസുകൾ കുറച്ചതോടെ ഈ സാധ്യതകളെല്ലാം ഇല്ലാതാവുകയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല