സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഫാമിലി വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങൾ അറിയാം. കഴിഞ്ഞ ദിവസമാണ് കുടുംബ വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള ഇ-സേവനങ്ങൾക്ക് തൊഴിൽ മന്ത്രാലയം തുടക്കമിട്ടത്. മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അപേക്ഷാ നടപടിക്രമങ്ങൾ വിശദമാക്കിയത്.
തൊഴിൽ മന്ത്രാലയത്തിന്റെ https://www.mol.gov.qa/En/pages/default.aspx എന്ന പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ‘റിക്വസ്റ്റ് ടു ജോയിൻ ദ് ലേബർ മാർക്കറ്റ് (കുടുംബ റസിഡൻസിയിൽ നിന്ന് തൊഴിൽ വീസയിലേക്കുള്ള മാറ്റം)’ എന്ന പേരിലാണ് പുതിയ സേവനം. തൊഴിലുടമയ്ക്ക് അല്ലെങ്കിൽ പുതിയ തൊഴിലുടമയുടെ വിവരങ്ങൾ സഹിതം വ്യക്തിക്ക് നേരിട്ടോ അപേക്ഷ നൽകാം.
കമ്പനി മുഖേന ആണെങ്കിൽ സേവനം ഉപയോഗിക്കാൻ അധികാരമുള്ള സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി നാഷനൽ ഓഥന്റിഫിക്കേഷൻ സിസ്റ്റം മുഖേന പരിശോധിക്കാൻ സ്മാർട് കാർഡ് ആവശ്യമാണ്. സ്ഥാപനത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സിസ്റ്റത്തിൽ ആക്ടീവ് ആയിരിക്കണം.
കമ്പനി നൽകുന്ന അപേക്ഷയിൽ വ്യക്തമാക്കിയ ഫോൺ നമ്പർ ജീവനക്കാരന്റെ ഖത്തർ ഐഡിയുമായി ബന്ധിപ്പിച്ചുള്ള ഫോൺ നമ്പർ ആയിരിക്കണം. ഒരു ജീവനക്കാരന്റെ പേരിൽ ഒന്നിലധികം അപേക്ഷകൾ പാടില്ല.
ഫാമിലി വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറുന്ന വ്യക്തികൾ നേരിട്ടാണ് അപേക്ഷ നൽകുന്നതെങ്കിൽ ആദ്യം നാഷനൽ ഓഥന്റിഫിക്കേഷൻ സിസ്റ്റത്തിൽ (എൻഎഎസ്) റജിസ്റ്റർ ചെയ്ത ശേഷമാകണം പോർട്ടലിൽ പ്രവേശിക്കേണ്ടത്. ഖത്തർ ഐഡിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ തന്നെ ഉപയോഗിക്കണം.
ദേശീയ മേൽവിലാസത്തിൽ വിലാസം റജിസ്റ്റർ ചെയ്തിരിക്കണം. നാഷനൽ ഓഥന്റിഫിക്കേഷൻ സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://www.nas.gov.qa/self-service/register/select-user-type
നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നത് അനുസരിച്ചാണ് അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക. അംഗീകാരം നൽകിയാൽ തൊഴിൽ കരാർ അറ്റസ്റ്റേഷൻ നടപടികൾ ആരംഭിക്കും. പുതിയ തൊഴിലുടമ ഓൺലൈനിൽ തന്നെ പേയ്മെന്റ് അടയ്ക്കുന്നതോടെ കുടുംബ വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറുന്നതു സംബന്ധിച്ച വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിലേക്ക് ഓട്ടമാറ്റിക്കായി ട്രാൻസ്ഫർ ആകും. മന്ത്രാലയമാണ് റസിഡൻസി മാറ്റം അനുവദിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല